പഴക്കമുള്ള പൈപ്പുകളിൽ പൊട്ടൽ പതിവ്, ചേപ്പിലങ്ങോട് പമ്പ് ഹൗസിലും പ്രശ്നങ്ങൾ: വെള്ളം മുടങ്ങാൻ കാരണങ്ങളേറെ
Mail This Article
തിരുവമ്പാടി∙ ജല അതോറിറ്റിയുടെ 40 വർഷം പഴക്കമുള്ള പൈപ്പും ഇരുവഞ്ഞി പുഴയിലെ വെള്ളപ്പൊക്കത്തിൽ വെള്ളം കയറുന്ന ചേപ്പിലങ്ങോട് പമ്പ്ഹൗസും നാട്ടുകാരുടെ വെള്ളം കുടി മുട്ടിക്കുന്നു. പൈപ്പുകൾ കാലപ്പഴക്കം കൊണ്ട് ദിവസവും പൊട്ടുകയാണ്. ടൗണിന്റെ പല ഭാഗത്തായി ദിവസവും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. റോഡിന്റെ അടിയിൽ സ്ഥാപിച്ച പൈപ്പുകൾ പൊട്ടുമ്പോൾ റോഡ് തന്നെ നശിക്കുന്നു. ഇത്തരം ഭാഗങ്ങളിൽ പൈപ്പ് നന്നാക്കിയാലും റോഡ് പൂർവ സ്ഥിതിയിൽ ആക്കുന്നില്ല.
മഴക്കാലത്ത് ഇരുവഞ്ഞി പുഴ കര കവിഞ്ഞൊഴുകുന്നതോടെ ടൗണിലേക്ക് വെള്ളം എത്തിക്കുന്ന ചേപ്പിലങ്ങോട് പമ്പ് ഹൗസിൽ വെള്ളം കയറി യന്ത്രങ്ങളെല്ലാം തകരാറിലാകുന്നു. അതോടെ പമ്പിങ് നിലയ്ക്കുകയും നാട്ടുകാർ വെള്ളം കിട്ടാതെ പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. ആയിരക്കണക്കിന് കുടുംബങ്ങളും സ്ഥാപനങ്ങളുമാണു ഈ പമ്പ് ഹൗസിനെ ആശ്രയിക്കുന്നത്. ഓരോ വെള്ളപ്പൊക്കത്തിലും യന്ത്രങ്ങൾ നന്നാക്കാൻ ലക്ഷങ്ങൾ ചെലവ് വരുന്നു.
ഇലക്ട്രിക് ഉപകരണങ്ങൾ, സ്റ്റാർട്ടർ, മെയിൻ സ്വിച്ച്, ഇലക്ട്രിക് പാനൽ ബോർഡ് തുടങ്ങിയ ഉപകരണങ്ങളാണ് വെള്ളം കയറി തകരാറിലാകുന്നത്. കഴിഞ്ഞ ജൂലൈയിൽ വെള്ളം കയറി സ്റ്റാർട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിരുന്നു. തുടർന്ന് 2 മാസത്തോളം ഭാഗികമായാണ് കുടിവെള്ള വിതരണം നടത്തിയത്. ചേപ്പിലങ്ങോട്, പാണ്ടിക്കോട്ടുമ്മൽ കുന്ന്, ആൻസിലെ ഭവൻ കുന്ന് എന്നിവിടങ്ങളിലായി 3 ജല സംഭരണികളിലേക്കു ശുദ്ധജലം എത്തിക്കുന്ന പമ്പ് ഹൗസ് ആണിത്.
പമ്പ് ഹൗസിനോടു ചേർന്ന് മെയിൻ റോഡിനരികിൽ ട്രാൻസ്ഫോമറിനു സമീപ ഭാഗത്ത് വെള്ളം കയറില്ല. പഞ്ചായത്ത് പുറമ്പോക്കു ഭൂമിയായ ഇവിടെ ചുരുങ്ങിയത് 2 സെന്റ് സ്ഥലമെങ്കിലും വിട്ടുകിട്ടുന്ന പക്ഷം അനുബന്ധ സൗകര്യങ്ങൾക്ക് കെട്ടിടം നിർമിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാം.ടൗണിൽ ഭാരത് പെട്രോൾ പമ്പ് വരെയും ജലജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പള്ളിക്കുന്ന് വില്ലേജ് ഓഫിസ് പരിസരം വരെയാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്.