വട്ടച്ചിറ–ഇടിഞ്ഞകുന്ന് റോഡ് തകർന്നു; യാത്രാദുരിതം
Mail This Article
കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ 10,11,12 വാർഡുകളെ ബന്ധിപ്പിച്ചുള്ള വട്ടച്ചിറ – ഇടിഞ്ഞകുന്ന് റോഡ് ടാറിങ് തകർന്നതോടെ യാത്രാദുരിതം രൂക്ഷം. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിക്കാത്തതാണു പ്രശ്നം.വട്ടച്ചിറ, വള്ളിയിൽ പാലം, ഇടിഞ്ഞകുന്ന്, ഇടമനശേരി കോളനി,വയലട റോഡ് പ്രദേശവാസികളായ നൂറുകണക്കിനു കുടുംബങ്ങളുടെ യാത്രാമാർഗമാണ് ഈ പാത. സിനർജി പബ്ലിക് സ്കൂളിലേക്ക് വിദ്യാർഥികൾ സഞ്ചരിക്കുന്നത് ഈ റൂട്ടിലാണ്.
സ്കൂൾ ബസിൽ യാത്ര ചെയ്യാൻ വിദ്യാർഥികളും പ്രയാസം അനുഭവിക്കുന്നുണ്ട്. തൈക്കുന്നുംപുറത്ത് താഴെ ഭാഗത്ത് ടാറിങ് പൂർണമായും നശിച്ച് മെറ്റൽ ഇളകിയതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. റോഡിൽ പലയിടങ്ങളിലും ഗർത്തം രൂപപ്പെട്ടതും വിനയാകുന്നുണ്ട്. മഴക്കാലത്തിനു മുൻപ് പഞ്ചായത്ത് റോഡ് റീടാറിങ്ങിന് ഫണ്ട് അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.