വീതിയില്ലാത്ത റോഡിൽ കുരുക്കും അപകടങ്ങളും
Mail This Article
പന്തീർപാടം∙ ദേശീയപാതയിൽ അപകടങ്ങൾ പതിവായ പന്തീർപാടം ജംക്‌ഷൻ വീതി കൂട്ടി വികസിപ്പിച്ച് ശാസ്ത്രീയ ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം. 4 പ്രധാന റോഡുകൾ സംഗമിക്കുന്ന ജംക്‌ഷനിൽ വീതിയില്ലാത്തതും തിരക്കേറിയ സമയങ്ങളിൽ പതിവായ ഗതാഗത കുരുക്കും ആണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ദേശീയപാതയിൽ പയമ്പ്ര റോഡും തേവർകണ്ടി റോഡും സംഗമിക്കുന്ന ഭാഗത്ത് റോഡിലേക്ക് കയറിയാൽ മാത്രമേ ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാനാകുകയുള്ളൂ.
കുന്നമംഗലം, കാരന്തൂർ ടൗണുകളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ മുണ്ടിക്കൽതാഴം– സിഡബ്ല്യുആർഡിഎം– പെരിങ്ങൊളം, വരിയട്ട്യാക്ക്, പിലാശേരി റോഡ്, തേവർകണ്ടി– പന്തീർപാടം റോഡ് വഴി നിരവധി യാത്രക്കാരാണ് ദേശീയപാതയിൽ എത്താൻ ആശ്രയിക്കുന്നത്. ഇതോടെ പന്തീർപാടം ജംക്‌ഷനിൽ തിരക്കു വർധിക്കാനും ഇടയാക്കുന്നു. ദേശീയപാതയിൽ റോഡിന് വിസ്തൃതി കുറവും നടപ്പാത അടക്കം സൗകര്യങ്ങൾ ഇല്ലാത്ത ഇടുങ്ങിയ സ്ഥലമാണ് പന്തീർപാടം പരിസരം.
ഇറക്കവും വളവും മൂലം എതിരെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടില്ല. ദേശീയപാതയിലും പണ്ടാരപറമ്പ്, തേവർകണ്ടി റോഡിലും അപകട മുന്നറിയിപ്പും ജംക്‌ഷൻ സൂചിപ്പിക്കുന്ന ബോർഡും ഇല്ലാത്തതും മൂലം വാഹനങ്ങളുടെ വേഗം പോലും നിയന്ത്രിക്കാതെ ആണ് പലപ്പോഴും തിരക്കേറിയ അങ്ങാടിയിലൂടെ വാഹനങ്ങൾ കടന്നു പോകുന്നത് എന്നാണ് നാട്ടുകാരുടെ പരാതി. പന്തീർപാടം ജംക്‌ഷനിൽ റോഡ് വിസ്തൃതി കൂട്ടാൻ നേരത്തെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. അധികൃതരുടെ ഭാഗത്തു നിന്നും നടപടി ആവശ്യപ്പെട്ട് സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.