റോഡ് തകർച്ചയ്ക്ക് ഇടയാക്കി പൈപ്പ് പൊട്ടൽ
Mail This Article
കുന്നമംഗലം ∙ വിവിധ സ്ഥലങ്ങളിൽ ജലജീവൻ മിഷൻ പദ്ധതിയുടെ അടക്കം പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നതിന് ഒപ്പം റോഡും തകരുന്നതായി പരാതി. മർകസ്– കല്ലറ കോളനി റോഡ് ജംക്‌ഷൻ, കാരന്തൂർ, വടക്കുംതല റോഡ്, വരിയട്ട്യാക്ക്, ഒവുങ്ങര, പന്തീർപാടം തുടങ്ങി ദേശീയപാതയിലും പ്രധാന റോഡുകളിലും പഞ്ചായത്ത് റോഡുകളിലും അടക്കം ഒട്ടേറെ സ്ഥലങ്ങളിലാണ് ദിവസങ്ങളായി വെള്ളം റോഡിലൂടെ ഒഴുകുന്നത്. പലയിടത്തും വിതരണ പൈപ്പിൽ ചെറിയ ചോർച്ച ആണെങ്കിലും സംഭരണിയിൽ വെള്ളം തീരുന്നത് വരെ പകലും രാത്രിയും തുടർച്ചയായി റോഡിലൂടെ കുടിവെള്ളം ഒഴുകുന്നത് നിത്യ കാഴ്ചയാണ്.
ഇത് മൂലം റോഡിൽ പലയിടങ്ങളിലും കുഴികളും മഴക്കാലത്ത് എന്ന പോലെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവായതോടെ ടാർ ചെയ്ത റോഡ് പോലും തകർന്ന് യാത്ര ദുഷ്കരമായ നിലയിലാണ്. ദേശീയപാതയിൽ കാരന്തൂർ ടൗണിനോട് ചേർന്ന് ഭാഗത്ത് പൈപ്പിലെ ചോർച്ച മൂലം വെള്ളം ഊർന്നിറങ്ങി രൂപപ്പെട്ട കുഴി അടയ്ക്കാതെ കിടക്കുകയാണ്. വെളിച്ചക്കുറവും പെട്ടെന്ന് ശ്രദ്ധയിൽ പെടാത്തതും മൂലം കുഴിയിൽ വീണ് ദിവസവും ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നുണ്ട്. വിതരണ ലൈനിലെ സമ്മർദം ആണ് പലയിടത്തും അപ്രതീക്ഷിതമായി പൈപ്പ് പൊട്ടലിന് കാരണമാകുന്നത് എന്നാണ് അധികൃതർ പറയുന്നത്.