ആറുവരിപ്പാതയിൽ ഗതാഗതം തുടങ്ങി; ഏതു വമ്പനും അറപ്പുഴ പാലം കടക്കാൻ വിയർക്കും!
Mail This Article
രാമനാട്ടുകര ∙ദേശീയപാതയിൽ അറപ്പുഴ പാലം പരിസരത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. ആറുവരിപ്പാതയിൽ ഗതാഗതം തുടങ്ങിയതോടെ പന്തീരാങ്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂട്ടത്തോടെ പാലത്തിലേക്ക് എത്തുന്നതാണ് കുരുക്ക് സൃഷ്ടിക്കുന്നത്. റോഡിൽ തിരക്കേറിയ രാവിലെയും വൈകിട്ടും ഏറെനേരം ഗതാഗതം താറുമാറാകുകയാണ്.അറപ്പുഴ പാലം വീതിയില്ലാത്തതിനാൽ അഴിഞ്ഞിലം ഭാഗത്തു നിന്നു മേൽപാലത്തിലൂടെ 3 വരിയായി എത്തുന്ന വാഹനങ്ങൾ പെട്ടെന്നു ഒറ്റ വരിയിലേക്കു മാറുന്നതാണ് ഗതാഗത തടസ്സമുണ്ടാക്കുന്നത്. പാലം കടന്നു രക്ഷപ്പെടാൻ യാത്രക്കാർ കഷ്ടപ്പെടുകയാണ്. ആംബുലൻസുകൾ ഉൾപ്പെടെ കുരുക്കിൽ പെടുന്നതു പതിവു കാഴ്ചയായി.
ദേശീയപാതയിൽ അഴിഞ്ഞിലം മേൽപാലം ഇറങ്ങി എത്തുന്ന ഭാഗത്താണ് അറപ്പുഴ പാലം. ഇവിടെ രണ്ടുവരി പാതയ്ക്ക് മാത്രമാണ് ഗതാഗത സൗകര്യം. 3 വരിയായി ദേശീയപാതയിലൂടെ കുതിച്ചെത്തുന്ന വാഹനങ്ങൾ പെട്ടെന്നു പാലം കടന്നു പോകാനാകുന്നില്ല. തൊട്ടടുത്തായി പുതിയ പാലം പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.അഴിഞ്ഞിലം മേൽപാലത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ പൊലീസ് ഇടപെട്ടു ഗതാഗതം നിയന്ത്രിച്ചു. പാലത്തിനു മുൻപ് വാഹനങ്ങൾ ഒറ്റവരിയാക്കിയാണ് കടത്തി വിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവരെല്ലാം ഏറെനേരം വഴിയിൽ കുടുങ്ങുന്ന സ്ഥിതിയാണ്. അവധിക്കാലമായതിനാൽ ഇന്നലെ ഉൾകൊള്ളാവുന്നതിലധികം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.