നവകേരള ബസ് രൂപം മാറി വീണ്ടും റോഡിലിറങ്ങി; സാധാരണ പുഷ്ബാക് സീറ്റ് മാത്രമാക്കി, നിറം മാറ്റി
Mail This Article
കോഴിക്കോട്∙ വിവാദമായ കെഎസ്ആർടിസിയുടെ നവകേരള ബസ് രൂപം മാറി വീണ്ടും റോഡിലിറങ്ങി. ഇന്നു മുതൽ കോഴിക്കോട് – ബെംഗളൂരു സർവീസ് നടത്തുമെന്നു അറിയിച്ചിരുന്നെങ്കിലും അന്തിമ തീരുമാനമായില്ലെന്നു കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോ അധികൃതർ അറിയിച്ചു. രൂപം മാറ്റിയ ശേഷം ഇന്നലെ ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്കു കന്നിയാത്ര നടത്തുമെന്ന അറിയിപ്പ് പ്രകാരം യാത്രക്കാർ നേരത്തെ സീറ്റ് റിസർവ് ചെയ്തിരുന്നു. എന്നാൽ ബസ് അറ്റകുറ്റപ്പണി കഴിഞ്ഞു സംസ്ഥാനത്തിനു കൈമാറാൻ 4 മണിക്കൂർ വൈകിയതോടെ യാത്രക്കാർ ദുരിതത്തിലായി.
വൈകിട്ട് 3 ന് ബെംഗളൂരുവിൽ നിന്നു പുറപ്പെടേണ്ട ബസ് 5.50ന് ആണ് പുറപ്പെട്ടത്. റിസർവ് ചെയ്ത യാത്രക്കാരെ കയറ്റിയാണ് പുറപ്പെട്ടത്. വൈകി ഓടിയതിനാൽ മുത്തങ്ങ വഴി രാത്രി യാത്ര തടസ്സപ്പെട്ടു. തുടർന്നു ബസ് കുട്ട – മാനന്തവാടി വഴിയാണ് വന്നത്. സാധാരണ പുഷ്ബാക് സീറ്റ് മാത്രമാക്കി, നിറം മാറ്റി ബസ് ഇന്നലെ നൽകുമെന്നു അറിയിച്ചതിനാലാണ് 3 ന് കോഴിക്കോട്ടേക്ക് സർവീസ് പ്രഖ്യാപിച്ചത്. കോഴിക്കോട് നിന്നു ജീവനക്കാരായ എൻ.പി.സനീഷ്, കെ.ജാഫർ എന്നിവർ ബെംഗളൂരുവിൽ എത്തി. എന്നാൽ ബസ് ലഭിച്ചത് വൈകിട്ട് 5 ന്. 5.50ന് പുറപ്പെട്ടു. 9.20 നാണ് മൈസൂരുവിൽ എത്തിയത്. ബത്തേരിക്ക് ടിക്കറ്റെടുത്ത യാത്രക്കാർ വലഞ്ഞു. ഇവരെ കൽപറ്റയിൽ നിന്നു ബത്തേരിയിലെത്തിക്കാൻ മറ്റു സൗകര്യം ഒരുക്കി.