അന്ത്യയാത്രയേകി സ്മൃതിപഥം; ആദ്യ സഞ്ചാരിയായി എംടി
Mail This Article
കോഴിക്കോട്∙ ‘‘മരണം സ്വാഭാവികമായ ഒരു അവസാനമെന്നും അതിനു തയാറെടുക്കണമെന്നും’’ പറഞ്ഞു മരണത്തെ നിത്യസത്യമായി കണ്ട എംടി ‘സ്മൃതിപഥത്തിലെ’ ആദ്യ സഞ്ചാരിയായി. കോഴിക്കോട് കോർപറേഷന്റെ മാവൂർ റോഡ് ശ്മശാനം 4 വർഷത്തിനു ‘സ്മൃതിപഥം’ എന്ന പേരിൽ തുറന്നപ്പോൾ എം.ടി.വാസുദേവൻ നായർ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ കഥാപുരുഷനെ ഏറ്റുവാങ്ങി. 29 നു രാവിലെ 10 നു മന്ത്രി എം.ബി.രാജേഷ് നഗരത്തിനു സമർപ്പിക്കാനിരുന്ന ‘സ്മൃതിപഥം’ എംടിയുടെ അന്ത്യയാത്രയോടെ ചരിത്രത്തിന്റെ ഭാഗമായി.
പഴകി ജീർണിച്ചു ഉപയോഗശൂന്യമായ പഴയ മാവൂർ റോഡ് ശ്മശാനമാണു വാസ്തുശിൽപ മികവിലും സാങ്കേതികവിദ്യയിലും രാജ്യാന്തര നിലവാരം പുലർത്തുന്ന സ്മൃതിപഥമായി നവീകരിച്ചത്. ഒൗഷധ സസ്യങ്ങളും പൂമരങ്ങളും നിറഞ്ഞു കുളിർമയേകുന്ന അന്തരീക്ഷം. കരിങ്കല്ലിൽ പണിത ഇരിപ്പിടങ്ങൾ, വള്ളിപ്പടർപ്പുകൾ തണൽ വിരിക്കുന്ന നടപ്പാത, വിശാലമായ മുറ്റം എന്നിവയെല്ലാം അടങ്ങിയതാണ് സ്മൃതിപഥം. മനോഹരമായ മുറ്റത്തിനപ്പുറമുള്ള മതിലിൽ ജനനം മുതൽ മരണം വരെയുള്ള മനുഷ്യജീവിത ഘട്ടങ്ങൾ ചിത്രീകരിക്കുന്ന മ്യൂറൽ ശിൽപവുമുണ്ട്.
ഗ്യാസ് ഉപയോഗിച്ചു മൃതദേഹങ്ങൾ സംസ്കരിക്കുന്ന 4 ചേംബറുകളും വൈദ്യുതി ഉപയോഗിച്ചു സംസ്കരിക്കുന്ന ഒരു ചേംബറും പരമ്പരാഗത രീതിയിലുള്ള 2 ചൂളകളും ഉൾപ്പെടെ ഒരേ സമയം 7 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.കോഴിക്കോട് നോർത്ത് മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത് പ്രദീപ് കുമാറിന്റെ എംഎൽഎ ഫണ്ടിൽ നിന്ന് 2.5 കോടി രൂപയും കോർപറേഷൻ പ്ലാൻ ഫണ്ടിൽ നിന്നു 4 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.