രണ്ടാമൂഴം സിനിമയായി കാണുക വലിയ മോഹമായിരുന്നു; മഞ്ഞണിഞ്ഞ് അക്ഷരസ്മൃതികൾ...
Mail This Article
കോഴിക്കോട് ∙ ചില സ്വപ്നങ്ങൾ ബാക്കി വച്ചാണ് എം.ടി.വാസുദേവൻ നായർ മടങ്ങുന്നത്. തോറ്റുപോകുന്ന ഭീമന്റെ കഥ പറഞ്ഞ എംടിയുടെ പ്രശസ്ത നോവൽ രണ്ടാമൂഴം സിനിമയായി കാണുക അദ്ദേഹത്തിന്റെ വലിയ മോഹമായിരുന്നു.‘രണ്ടാമൂഴ’ ത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും എംടി തയാറാക്കിയിട്ട് വർഷങ്ങളായി. ഈ സിനിമ വലിയ കാൻവാസിൽ ബഹുഭാഷകളിൽ നിർമിക്കാനായിരുന്നു പദ്ധതി.ബഹുഭാഷകളിലായി ഈ സിനിമ നിർമിക്കാൻ സംവിധായകൻ ശ്രീകുമാർ മേനോനുമായി എംടി കരാർ ഒപ്പിട്ടിരുന്നെങ്കിലും അതും പിന്നീട് പല കാരണങ്ങളാൽ നിന്നു പോയി.
ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് എംടിയും ശ്രീകുമാർ മേനോനും തമ്മിൽ കേസും ഉണ്ടായി.പിന്നീട് കോടതി ഇടപെടലുകളിലൂടെ കരാർ റദ്ദാക്കി.5 മണിക്കൂറിലേറെ നീളുന്ന തിരക്കഥയാണ് രണ്ടാമൂഴത്തിനു തിരിച്ചടിയായത്.ഇതു 2 സിനിമയായി ചെയ്യാനാണ് എംടി ഉദ്ദേശിച്ചിരുന്നത്. മോഹൻലാലിനെ ഭീമനായി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ 2 സിനിമകളായി ചെയ്യാൻ നിർമാതാക്കൾ തയാറാവാതിരുന്നതാണ് രണ്ടാമൂഴം നീണ്ടുപോകാൻ കാരണമായത്.പ്രശസ്ത കവി ഒ.എൻ.വി.കുറുപ്പിന്റെ ‘ഉജ്ജയിനി’ എന്ന കവിത പുറത്തുവന്നപ്പോൾ ഇതു തിരക്കഥയാക്കണമെന്ന് എംടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ അതും പലവിധ കാരണത്താൽ നടന്നില്ല.കാലവും നാലുകെട്ടും പിറന്ന ഭൂമികയിൽ നിന്ന് എംടി യുടെ മറ്റൊരു മാസ്റ്റർ പീസ് നോവൽ കൂടി പുറത്തുവരേണ്ടതായിരുന്നു. 15 വർഷം മുൻപ് എംടി എഴുതാൻ തീരുമാനിച്ച കൂടല്ലൂർ പശ്ചാത്തലമാക്കിയ ‘കിണർ’ എന്ന പേരിലുള്ള ഈ നോവലും പൂർത്തിയാക്കിയിട്ടില്ല.