പൊടിശല്യം; ദേശീയപാത നിർമാണ കരാർ കമ്പനിയായ വഗാഡ് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു
Mail This Article
പയ്യോളി∙ രൂക്ഷമായ പൊടിശല്യത്തെ തുടർന്ന് പെരുമാൾപുരത്ത് ദേശീയ പാതയിൽ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. ദേശീയപാത നിർമാണ കരാർ കമ്പനിയായ വഗാഡ് വാഹനങ്ങളാണ് തടഞ്ഞത്. ഇതിനിടയിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.കെ.രമ എംഎൽഎയും ഗതാഗത കുരുക്കിൽപെട്ടു. തുടർന്ന്, സമരക്കാരുമായി സംസാരിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കിയ എംഎൽഎ കലക്ടറെ ഫോണിൽ വിളിച്ച് ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തി പരിഹാരം ആവശ്യപ്പെട്ടു. വേണ്ടത് ചെയ്യാമെന്ന ഉറപ്പ് കലക്ടർ നൽകിയതായാണ് അറിയുന്നത്. രാവിലെ 11 ന് ആണ് നാട്ടുകാർ പൊടിശല്യത്തിന് പരിഹാരം തേടി കരാർ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞത്.
പയ്യോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെയും തൃക്കോട്ടൂർ യുപി സ്കൂളിലെയും ആറായിരത്തോളം വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും യാത്രക്കാരും അടക്കം രൂക്ഷമായ പൊടിശല്യം അനുഭവിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പലരും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം തേടിയാണ് സമരം ആരംഭിച്ചത്. വഗാഡ് കമ്പനി അധികൃതരെത്തി വ്യക്തമായ ഉറപ്പ് നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന വാശിയിലായിരുന്നു സമരക്കാർ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് ബസാർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞത്.