എംടി കൊളുത്തിവച്ച കൺവിളക്ക് കാത്തുസൂക്ഷിച്ച് ചെറുകുളത്തൂർ ഗ്രാമം
Mail This Article
മാവൂർ ∙ എം.ടി.വാസുദേവൻ നായർ കൊളുത്തി വച്ച വിളക്ക് അണയാതെ കാത്തു സൂക്ഷിച്ച് ചെറുകുളത്തൂർ ഗ്രാമം. ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ എന്ന ഗ്രാമത്തെ രാജ്യത്തെ ആദ്യ നേത്രദാന ഗ്രാമമായി പ്രഖ്യാപിച്ചത് എംടി ആയിരുന്നു. മരിച്ചവരുടെ കണ്ണുകൾ മണ്ണിനുള്ളതല്ല മനുഷ്യനുള്ളതാണെന്ന തിരിച്ചറിവോടെ ഒരു ഗ്രാമത്തിലെ മനുഷ്യ സ്നേഹികൾ നടത്തിയ നിശ്ശബ്ദ വിപ്ലവം ലോകത്തോട് വിളിച്ചു പറഞ്ഞ സാഹിത്യകാരൻ. ഇവിടെ എം.ടി കൊളുത്തി വച്ച പ്രകാശ വിപ്ലവം ഈ ഗ്രാമവാസികൾ ഇന്നും കെടാതെ കാത്തു സൂക്ഷിക്കുന്നുണ്ട്.
1992 മുതൽ നേത്രദാന പരിപാടി ആരംഭിച്ച ചെറുകുളത്തൂർ 2003ൽ നേത്രദാന ഗ്രാമത്തെക്കുറിച്ച് ചിന്തിച്ചു. പിന്നീട് പ്രചാരണങ്ങളും ബോധവൽക്കരണ പരിപാടികളുമായി ഒരു നാട് ഒരുമിച്ചു. ചെറുകുളത്തൂർ ഗ്രാമത്തിൽ നിന്ന് 1600 സമ്മതപത്രങ്ങൾ ശേഖരിച്ചു. ഇവിടത്തുകാർ ചെറുകുളത്തൂരിന്റെ ആഗ്രഹം എംടിയെ അറിയിച്ചു. 2003 ഫെബ്രുവരി 13ന് ആയിരങ്ങളെ സാക്ഷി നിർത്തി ചെറുകുളത്തൂരിനെ എംടി നേത്രദാന ഗ്രാമമായി പ്രഖ്യാപിച്ചു. തുടർന്ന് ഇന്നുവരെ 231 പേരുടെ കണ്ണുകൾ ദാനം ചെയ്ത് 460 പേർക്ക് വെളിച്ചമേകി. തുടർന്ന് 2013ൽ അവയവദാന ഗ്രാമ പ്രഖ്യാപനവും നടത്തി. 2600 സമ്മത പത്രങ്ങൾ ശേഖരിച്ചു. 4 മൃതദേഹങ്ങൾ പഠനാവശ്യത്തിന് മെഡിക്കൽ കോളജിനും വിട്ടു നൽകി. എം.ടിയുടെ പ്രഖ്യാപനം മുതൽ കണ്ണുചിമ്മാത്ത ഗ്രാമമായി ചെറുകുളത്തൂർ മാറി.