വിദേശമദ്യവും പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
Mail This Article
കുന്നമംഗലം ∙ പുതുവർഷ ആഘോഷത്തിനു വിൽപനയ്ക്കായി വരിയട്ട്യാക്ക്– പെരിങ്ങൊളം റോഡിൽ വാടക വീട്ടിൽ സൂക്ഷിച്ച 50 കുപ്പി വിദേശ മദ്യവും ആറായിരത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി കോണാട് ബീച്ച് സ്വദേശിയെ കുന്നമംഗലം പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നു പിടികൂടി. തടമ്പാട്ടുതാഴേം ചട്ടിത്തോപ്പ് പറമ്പിൽ സർജാസ് ബാബു (37) ആണ് പിടിയിലായത്. ഇയാളുടെ സ്കൂട്ടറും പിടികൂടി. 2 വർഷമായി വീട് വാടകയ്ക്ക് എടുത്ത് വൻതോതിൽ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുകയാണെന്ന വിവരത്തെ തുടർന്നു പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പാത്രക്കച്ചവടം എന്നു കെട്ടിട ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ് വീട് വാടകയ്ക്ക് എടുത്തത്. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് ഇയാളുടെ പേരിൽ വെള്ളയിൽ, കാക്കൂർ പൊലീസ് സ്റ്റേഷനുകളിൽ കേസ് ഉണ്ട്. പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾക്ക് 4 ലക്ഷത്തോളം രൂപ വില വരുമെന്നു പൊലീസ് പറഞ്ഞു. കുന്നമംഗലം ഇൻസ്പെക്ടർ എസ്.കിരൺ, എസ്ഐ കെ.പി.ജിബിഷ, എ.നിതിൻ, സിപിഒ കെ.പ്രണവ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്‌സിപിഒ കെ.സുജിത്ത്, കെ.എം.ഷാലു, ജിനേഷ് ചൂലൂർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.