റോഡ് കല്യാണത്തിന്റെ ആവേശത്തിൽ കലാശക്കൊട്ടുമായി സൗത്ത് കൊടിയത്തൂർ; പിരിച്ചെടുത്തത് 5 ലക്ഷത്തോളം രൂപ
Mail This Article
മുക്കം ∙ പുട്ടും പപ്പടവും മൺചട്ടിക്കച്ചവടവും ഒരു ഭാഗത്ത്, ഉപ്പിലിട്ടതും ഉണ്ണിയപ്പവും നാടൻ പച്ചക്കറികളും വളയും മാലയുമെല്ലാം വാങ്ങാൻ നാട്ടുകാരുടെയും അയൽനാട്ടുകാരുടെയും നീണ്ട നിരയും മറുഭാഗത്ത്. പഴയ കാല ഗാനങ്ങൾ കൂടിയായതോടെ നാട്ടുകാർക്കെല്ലാം പഴയകാലത്തേക്കു തിരിച്ചു പോയ അനുഭവമായിരുന്നു. പുതിയ തലമുറയ്ക്ക് ലെയ്സും ചട്ടിപ്പത്തിരിയുമൊക്കെയായി ഫുഡ് ഫെസ്റ്റും ഒരുക്കിയിരുന്നു. റോഡ് വികസനത്തിന് ഫണ്ട് സമാഹരിക്കുന്നതിന് റോഡ് കല്യാണം നടത്തിയതിനു പിറകെയാണ് കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ നിവാസികൾ ഫണ്ട് സമാഹരണത്തിനു കലാശക്കൊട്ടും നടത്തിയത്. ഇതിലൂടെ സമാഹരിക്കാനായത് 5 ലക്ഷം രൂപയുമാണ്. വെസ്റ്റ് കൊടിയത്തൂരിലെ കലാശക്കൊട്ട് കക്ഷി രാഷ്ട്രീയ നാട്ടുചിന്തകൾക്കതീതമായി നാട്ടുകാരുടെ സ്നേഹകൂട്ടായ്മയായിരുന്നു.
വർഷങ്ങളായി കാത്തിരിക്കുന്ന റോഡ് വികസനം സാധ്യമാക്കുന്നതിനു വ്യത്യസ്തമായ റോഡ് കല്യാണം നടത്തി ജനശ്രദ്ധ നേടിയ വെസ്റ്റ് കൊടിയത്തൂർ ഗ്രാമമാണ് വ്യത്യസ്തമായ രീതിയിൽ കലാശക്കൊട്ട് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 13,14,16 വാർഡുകളുടെ സംഗമ ദേശമായ വെസ്റ്റ് കൊടിയത്തൂരിൽ നിന്ന് എരഞ്ഞിമാവ്- മാവൂർ- കോഴിക്കോട് പാതയിലെ ഇടവഴിക്കടവിലേക്ക് എത്തുന്ന 1.2 കിലോമീറ്റർ റോഡിന്റെ വികസനത്തിനാണ് വെസ്റ്റ് കൊടിയത്തൂർ വികസന സമിതിയുടെ നേതൃത്വത്തിൽ റോഡ് കല്യാണത്തിനു ശേഷം കലാശക്കൊട്ട് സംഘടിപ്പിച്ചത്.
1980ൽ നിർമാണം പൂർത്തിയാക്കിയ മൂന്നര മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡായ വെസ്റ്റ് കൊടിയത്തൂർ- ഇടവഴിക്കടവ് റോഡിന്റെ വികസനത്തിനായി പഞ്ചായത്ത് അംഗം എം.ടി റിയാസ് ചെയർമാനും വി.സി രാജൻ കൺവീനറൂം കെ. അബ്ദുല്ല ട്രഷററുമായി വെസ്റ്റ് കൊടിയത്തൂർ വികസന സമിതി എന്ന പേരിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുകയാണ്.ഒന്നര വർഷത്തെ ശ്രമത്തിലൂടെ റോഡ് ആറ് മീറ്ററാക്കി മാറ്റുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുകയും റോഡിന് ഇരുവശവുമുള്ള 107 ഭൂ ഉടമകളെ റോഡിനായി ഭൂമി വിട്ടു നൽകുവാൻ സന്നദ്ധരാക്കുകയും ചെയ്തു. റോഡിനായി പൊളിച്ചു മാറ്റുന്ന മതിലുകൾ പുനർനിർമിച്ചു നൽകുന്നതിനും പദ്ധതി തയാറാക്കി. റോഡ് ആറ് മീറ്റർ വീതിയിലാക്കി നൽകിയാൽ ജില്ലാ പഞ്ചായത്ത് റോഡ് ഏറ്റെടുത്ത് ഫണ്ട് അനുവദിക്കും.
പൊളിക്കുന്ന മതിലുകൾ പുനർനിർമിച്ചു നൽകുന്നതിന് 50 ലക്ഷം രൂപയിൽ അധികം ചെലവ് വന്നത്. ഈ പ്രവൃത്തി 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ബാക്കി പ്രവൃത്തിക്കായുള്ള തുകയാണ് കലാശക്കൊട്ടിലൂടെ ലഭ്യമാക്കിയത്. ഇനി ബിഎംബി സി നിലവാരത്തിൽ ടാറിങ് നടത്തുകയാണ് ലക്ഷ്യം അടുത്ത മാസത്തോടെ പൂർത്തിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, എം.ടി.റിയാസ്, വി.സി.രാജൻ, കെ.അബ്ദുല്ല, തുടങ്ങിയവർ നേതൃത്വം നൽകി.