ഓർമകൾ ചാരിക്കിടക്കുന്നു; പൂമുഖത്തെ കസേരയിൽ
Mail This Article
കോഴിക്കോട് ∙ വായനക്കാരുടെ മനസ്സിൽ അനുഭൂതികളുടെ മഞ്ഞു വീഴ്ത്തിയ പ്രിയപ്പെട്ട എംടിയുടെ ചാരുകസേര ഒഴിഞ്ഞുകിടക്കുകയാണ്; തീർഥാടനം പോലെ സാഹിത്യാസ്വാദകർ എത്തിയിരുന്ന സ്വീകരണ മുറിയിലെ സോഫയും. കൊട്ടാരം റോഡിലെ ‘സിതാര’യെന്ന വീട്ടിലെത്തുന്നവർ നിറകണ്ണുകളോടെ അവ രണ്ടും തൊട്ടുതലോടുന്നു. എംടി.വാസുദേവൻ നായരുടെ സംസ്കാരം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിനം അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ ശിരസ്സു കുനിച്ചു കൈകൂപ്പുന്നു അക്ഷരപ്രേമികൾ.
സോഫയ്ക്കരികിലെ ടീപ്പോയുടെ മുകളിൽ എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് അദ്ദേഹം വായിക്കാനെടുത്ത പുസ്തകങ്ങൾ. ക്രെയ്ഗ് റെസ്സലിന്റെ ‘ലെനോക്സ്’, ഫെഡറിക് ഫോർസിക്കിന്റെ ‘ദ് നെഗോഷ്യേറ്റർ’, സെറിൻ യങ്സോ ലാമ യുടെ ‘വി മെഷർ ദ് എർത്ത് വിത്ത് അവർ ബോഡീസ്’ എന്നീ നോവലുകൾ അടക്കമുള്ളവ. കാമ്പിശ്ശേരി കൃതികൾ, എം.അച്യുതന്റെ 20 പ്രബന്ധങ്ങൾ എന്നീ മലയാളം പുസ്തകങ്ങളുമുണ്ട്.
എംടി അന്ത്യവിശ്രമം കൊള്ളുന്ന മാവൂർ റോഡിലെ സ്മൃതിപഥത്തിലും ഇന്നലെ ഒട്ടേറെ ആരാധകരെത്തിയിരുന്നു. ഗ്യാസ് ചേംബറിലായിരുന്നു സംസ്കാരമെന്നു ശ്മശാനം ജീവനക്കാർ പറഞ്ഞിട്ടും കുറച്ചു സമയം സ്മൃതിപഥത്തിൽ ഇരുന്ന ശേഷമാണവർ മടങ്ങിയത്. ഇ.ടി.മുഹമ്മദ് ബഷീർ എംപി, സംവിധായകരായ മേജർ രവി, ബേസിൽ ജോസഫ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ, മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.വി.രാമചന്ദ്രൻ അടക്കമുള്ളവർ ഇന്നലെ വീട്ടിലെത്തി എംടി യുടെ ഭാര്യ കലാമണ്ഡലം സരസ്വതിയെയും മകൾ അശ്വതിയെയും ആശ്വസിപ്പിച്ചു.
എല്ലാവർക്കും നന്ദിപറഞ്ഞ് അശ്വതി വി.നായർ
എംടിയുടെ ചികിത്സാ സമയത്തും വേർപാടിലും തങ്ങളോടൊപ്പം നിന്നവർക്കും നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് മകൾ അശ്വതി വി.നായരുടെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സാംസ്കാരിക സാഹിത്യ പ്രമുഖർ, ചലച്ചിത്ര പ്രവർത്തകർ, ഡോക്ടർമാർ, മാധ്യമ പ്രവർത്തകർ എന്നിവരടക്കമുള്ളവർക്കാണ് അവർ നന്ദി അറിയിച്ചത്.