വിൽക്കാനുണ്ട്; മനസ്സുരുകുന്ന ശിൽപങ്ങൾ
Mail This Article
പന്തീരാങ്കാവ് ∙ കരവിരുതിന്റെ പ്രശസ്തിയിലും കണ്ണീർക്കണങ്ങളുമായാണു ശിൽപി പ്രദീപ് വയനാടിന്റെ ജീവിതയാത്ര. ബൊട്ടാണിക്കൽ ഗാർഡൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഒളവണ്ണ ഇരിങ്ങല്ലൂരിലെ ഗാർഡനിൽ സജ്ജീകരിച്ച പ്രദീപ് വയനാടിന്റെ സ്റ്റാളിൽ മിഴിവാർന്ന ഒട്ടേറെ ശിൽപങ്ങളാണുള്ളത്. കാപ്പിത്തടിയിൽ തീർത്ത കരകൗശല വസ്തുക്കളും ശിൽപങ്ങളും ഏറെ ആകർഷകമാണ്. പൊതുവിപണിയിൽ 7000 രൂപയിലേറെ വിലയുള്ള ഇനങ്ങൾ പോലും 3500ന് വിറ്റ്, ഭാര്യയുടെ ഡയാലിസിസ് മുടങ്ങാതെ നോക്കാനുള്ള ശ്രമത്തിലാണ് ഈ കലാകാരൻ.
തെയ്യങ്ങളുടെ ലോകത്ത് നിന്നാണ് പ്രദീപ് ശിൽപ നിർമാണത്തിലേക്ക് വന്നത്. അച്ഛൻ ടി.കെ. ബാലകൃഷ്ണ പണിക്കരിൽ നിന്നു ശിൽപ വിദ്യ അഭ്യസിച്ച പ്രദീപിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കിർത്താഡ്സും പട്ടികജാതി വികസന വകുപ്പും സംഘടിപ്പിച്ചിരുന്ന പൈതൃകോത്സവങ്ങളും മേളകളും കോവിഡിനു ശേഷം നിന്നുപോയതോടെ ഈ മേഖലയിലുള്ളവരുടെ ജീവിതം ഏറെ പ്രയാസത്തിലാണെന്നു പ്രദീപ് പറഞ്ഞു. നാളെ വരെയാണ് ഗാർഡനിലെ പ്രദർശനം.