കുറ്റിപ്പാലക്കൽ രാജീവ് ഗാന്ധി ദശലക്ഷം കോളനിയിൽ വീഴാറായി വീടുകൾ
Mail This Article
മുക്കം∙ ഇടിഞ്ഞ് പൊളിഞ്ഞ് നിലം പൊത്താറായ കൊച്ചു കുടിലുകൾ, മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥ, ശുചിമുറികളുടെ അവസ്ഥയും പരിതാപകരം, സീലിങ് അടർന്നു വീഴുന്നതും നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ, സീലിങ് വീണ് പരുക്കേറ്റവരും ഏറെ. നഗരസഭയിലെ കുറ്റിപ്പാല രാജീവ് ഗാന്ധി ദശ ലക്ഷം കോളനിയുടെ അവസ്ഥയാണ്. 30 വർഷം മുൻപ് സംസ്ഥാന ഭവന നിർമാണ ബോർഡ് കുറ്റിപ്പാലക്കൽ ഇരിങ്ങാപൊറ്റമ്മൽ മിച്ച ഭൂമിയിൽ നിർമിച്ച് നൽകിയ അൻപതോളം വീടുകളാണ് ദുരവസ്ഥയിലുള്ളത്. പകുതിയിലേറെ വീടുകൾ വാസയോഗ്യമല്ലാത്തതിനാൽ കാലിയായി കിടക്കുന്നു. വീടുകളുടെ ശോച്യാവസ്ഥ മൂലം വീടുള്ള പലരും പുറത്ത് വാടകയ്ക്ക് കഴിയുകയാണ്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചാണ് അസൗകര്യങ്ങളുടെയും ദുരിതങ്ങളുടെയും നടുവിൽ ഇവിടെയുള്ളവർ വീർപ്പുമുട്ടി കഴിയുന്നത്.
വെറും രണ്ടര മീറ്റർ മാത്രം ഉയരവും ഏതാണ്ട് നാലുമീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള ഒരു മുറിയും അതിന്റെ നാലിലൊരു ഭാഗം മാത്രമുള്ള ഒരു അടുക്കളയും. എല്ലാ വീടുകളുടെയും മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നു വീണ് തുരുമ്പിച്ച് കമ്പികൾ പുറത്തുവന്ന നിലയിലാണ്. മഴക്കാലത്ത് ചോർച്ചയും വേനൽ കാലത്ത് സഹിക്കാനാവാത്ത ചൂടും കാരണം രാത്രി ഒരുപോള കണ്ണടക്കാൻ പോലുമാകാത്ത അവസ്ഥയും. ഈയടുത്ത കാലത്താണ് ഇവരിൽ പലർക്കും പട്ടയം കിട്ടിയത്. വീട് നിൽക്കുന്ന സ്ഥലം 3 സെന്റിന് മുകളിലുണ്ടെന്നു പറയുന്നുണ്ടെങ്കിലും ചിലർക്കെല്ലാം രണ്ടര സെന്റ് മാത്രമേയുള്ളൂ.
അതിനാൽ തന്നെ പലരും ലൈഫ് ഭവന നിർമാണ പദ്ധതിക്ക് പുറത്താണ്. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ഓട്ടോറിക്ഷയ്ക്ക് പോലും വരാൻ സാധിക്കാത്ത അവസ്ഥയാണ്. വീട് താമസയോഗ്യമായിക്കിട്ടണം എന്ന ഒരാവശ്യമേ ഇവർക്കുള്ളൂ. ഈ ആവശ്യവുമായി പരാതിയുമായി പലയിടത്തും കയറിയിറങ്ങി. ഒടുവിൽ കോളനി നിവാസികളെല്ലാം ഒപ്പിട്ട പരാതി പ്രിയങ്ക ഗാന്ധി എംപിക്കു നൽകി കാത്തിരിക്കുകയാണ്.