രോഗിയുമായി പോയ ആംബുലൻസിന് യാത്രാതടസ്സം സൃഷ്ടിച്ച് സ്കൂട്ടർ
Mail This Article
കോഴിക്കോട് ∙ അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാതടസ്സം സൃഷ്ടിച്ചു സ്കൂട്ടർ ഓടിയത് 22 കിലോമീറ്റർ. മണിക്കൂർ വൈകിയെത്തിയ രോഗിക്ക് മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സ നൽകി.ഇന്നലെ രാത്രി 8നു വയനാട്ടിൽ നിന്നു വൃക്ക് അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസിന് മുന്നിൽ 9.15 മണിയോടെയാണ് സ്കൂട്ടർ ഒരു മണിക്കൂർ തടസ്സം ഉണ്ടാക്കി ആംബുലൻസിനു മറികടക്കാൻ അനുവദിക്കാതെ 22 കിലോമീറ്ററിലധികം ഓടിയത്. 9.15ന് അടിവാരത്തു നിന്നു മുന്നിൽ കയറിയ കോഴിക്കോട് ആർടിഒ റജിസ്ട്രേഷനുള്ള സ്കൂട്ടർ കുന്നമംഗലം കാരന്തൂർ വരെ ആംബുലൻസിനു മുന്നിൽ വഴി മാറാതെ ഓടി. അടിയന്തര സൈറൺ മുഴക്കിയിട്ടും ഇടയ്ക്ക് ഹോൺ പ്രവർത്തിച്ചിട്ടും സ്കൂട്ടർ യാത്രക്കാരൻ മാറിയില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ഇയാൾ ഇടയ്ക്കു കൈ കൊണ്ടു ആംബുലൻസ് ഡ്രൈവർക്കെതിരെ ആംഗ്യം കാണിച്ചതായും പറഞ്ഞു.
ഒടുവിൽ കാരന്തൂർ ജംക്‌ഷനിൽ 11.10ന് എത്തിയപ്പോൾ റോഡിൽ തിരക്കായി. ഇതിനിടയിൽ ആംബുലൻസ് മെഡിക്കൽ കോളജ് റോഡിലേക്ക് കയറി ബൈക്ക് യാത്രക്കാരനിൽ നിന്നു രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂർ വൈകിയാണ് ആംബുലൻസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. ആംബുലൻസ് ഡ്രൈവർക്കൊപ്പമുള്ളവർ ആശുപത്രിയിൽ ബന്ധപ്പെട്ട സാഹചര്യത്തിൽ രോഗിക്ക് അടിയന്തര വൈദ്യ സഹായം നൽകി.ആംബുലൻസിൽ ഡ്രൈവർക്കൊപ്പമുള്ള യാത്രക്കാർ സ്കൂട്ടറിന്റെ അപകടകരമായ യാത്ര വിഡിയോ ചിത്രീകരിച്ചിട്ടുണ്ട്. അപകടകരമായും യാത്രാ തടസ്സം ഉണ്ടാക്കിയ ബൈക്കിന്റെ നമ്പറും വിഡിയോയും ഇന്ന് ആർടിഒക്ക് കൈമാറും. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കോഴിക്കോട്ടേക്ക് വരുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ടു രോഗികൾ വൈദ്യ സഹായം വൈകിയതിൽ മരിച്ചിരുന്നു.