ഇന്ധന ഡിപ്പോ അടച്ചെങ്കിലും ആശങ്ക മാറാതെ നാട്ടുകാർ
Mail This Article
കോഴിക്കോട് ∙ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂരിലെ സംഭരണ കേന്ദ്രം താൽക്കാലികമായി അടച്ചെങ്കിലും മലിനീകരണം തുടരുന്നതിൽ ആശങ്കയോടെ നാട്ടുകാർ. പ്ലാന്റിന്റെ പ്രവർത്തനം ഇന്നലെ നിർത്തുന്നതിനു മുൻപും മലിനജലം ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിയെന്നാണു പരാതി. മതിലിനോട് ചേർന്ന് വടക്കു ഭാഗത്തെ ഓടയിലേക്കാണു മലിനജലം പുറത്തേക്ക് ഒഴുകിയത്. രാവിലെ പ്ലാന്റ് വൃത്തിയാക്കിയ വെള്ളമാണ് ഓടയിലേക്ക് ഒഴുക്കിയതെന്നു പറയുന്നു. ഇന്ധനത്തിന്റെ രൂക്ഷഗന്ധം പരന്നതിനെ തുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണു മലിനജലം ഓടയിലേക്ക് ഒഴുകുന്നതു കണ്ടത്. പ്ലാന്റിലെ മലിനജലം പുറത്തേക്ക് ഒഴുക്കാതെ പ്ലാന്റിനുള്ളിലേക്കു തന്നെ ഒഴുകുന്ന രീതിയിൽ സംവിധാനം ഒരുക്കണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല.
ഡിസംബർ നാലിനാണ് എലത്തൂർ ഡിപ്പോയിൽ നിന്നു പുറത്തേക്ക് ഡീസൽ ചോർന്നത്. ടാങ്കിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ മെക്കാനിക്കൽ ഇലക്ട്രിക് സംവിധാനങ്ങളിൽ ഉണ്ടായ പിഴവാണ് അപകടകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. ഡീസൽ ഓവുചാലു വഴി പുറത്തേക്കും, തോട്ടിലേക്കും പുഴയിലേക്കും എത്തിയതു മൂലം ഗുരുതരമായ മലിനീകരണ പ്രശ്നം ഉണ്ടായതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. മലിനീകരണത്തിന്റെ തോത് കണ്ടെത്താനായി മലിനീകരണ ബോർഡ് ഉദ്യോഗസ്ഥർ തോടുകളിലെ ഇന്ധനം കലർന്ന വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്.