പുതുവത്സരാഘോഷം: കർശന നടപടികളുമായി പൊലീസ്
Mail This Article
കോഴിക്കോട് ∙ പുതുവത്സര ആഘോഷങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതാക്കാൻ കർശന നടപടികളുമായി പൊലീസ്. ഗാന്ധി റോഡ് മുതൽ വലിയങ്ങാടി ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇന്നു വൈകിട്ട് 5 മുതൽ ഗതാഗതം അനുവദിക്കില്ല. 5 നു ശേഷം ബീച്ചിലേക്കു പോകുന്നവർ വാഹനങ്ങൾ പുറത്തുള്ള പാർക്കിങ് ഏരിയകളിൽ നിർത്തണം. ഇന്ന് വൈകിട്ട് 3 മുതൽ മൊഫ്യൂസിൽ സ്റ്റാൻഡിൽ നിന്നു വടകര, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ പുതിയറ– അരയിടത്തുപാലം– എരഞ്ഞിപ്പാലം – കാരപ്പറമ്പ് വഴി പോകണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.ബീച്ചിലേക്കു പോകുന്നവർ ജനുവരി ഒന്നിനു പുലർച്ചെ ഒന്നിനകം മടങ്ങണം. ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും. ആഘോഷം നടത്താൻ തീരുമാനിച്ചിട്ടുള്ള എല്ലാ സംഘടനകളും സംഘാടകരും അതതു പൊലീസ് സ്റ്റേഷനിൽ നിന്നു മുൻകൂർ അനുമതി വാങ്ങണം. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കേരള പൊലീസിന്റെ ടോൾ ഫ്രീ നമ്പറായ 112, 1515 എന്നിവയിലേക്കോ വിളിക്കാം.
അടിയന്തര സാഹചര്യം നേരിടുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പുവരുത്തേണ്ടതാണ്. അതിഥിത്തൊഴിലാളി ക്യാംപുകളിൽ ആഘോഷ പരിപാടികൾ നടക്കുന്നുണ്ടെങ്കിൽ നടത്തിപ്പുകാർ അല്ലെങ്കിൽ തൊഴിലുടമകൾ ആവശ്യമായ നിർദേശം നൽകേണ്ടതും പരിപാടി സമാധാനപരമായി നടത്തുന്നതാണെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ലോ ആൻഡ് ഓർഡർ), അഡീഷനൽ ഡിസിപി (അഡ്മിനിസ്ട്രേഷൻ), 7 അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ 750 പൊലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കു നിയോഗിക്കും.
പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളായ കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, വരക്കൽ ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, മാളുകൾ, ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്മെന്റുകൾ മുതലായ സ്ഥലങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും.ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടുകൂടി മാത്രമേ നടത്താൻ പാടുള്ളു. കാർ, ബൈക്ക് റേസിങ് നടത്തുന്നതും പൊതുസ്ഥലങ്ങളിൽ പരസ്യമായി മദ്യപിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയാൻ നടപടി ഉണ്ടാകും. ജില്ലാ അതിർത്തികളിൽ വാഹനപരിശോധന നടത്തും. സുരക്ഷ ഉറപ്പുവരുത്തുന്നതിന് മഫ്തി പൊലീസിനെ നിയോഗിക്കും. ലഹരി വിൽപനയ്ക്കും ഉപയോഗത്തിനും എതിരെ ആന്റി നർകോട്ടിക് സ്ക്വാഡിന്റെ പരിശോധന ഉണ്ടാകും.