കൃഷിയിൽ മൃഗസംരക്ഷണ മേഖലയുടെ സംഭാവന 30%; ആകണോ, ഞങ്ങളും മിണ്ടാപ്രാണികൾ ?
Mail This Article
കോഴിക്കോട്∙ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദന മൂല്യത്തിൽ കൃഷി നൽകുന്ന സംഭാവനയുടെ ഏകദേശം 30% മൃഗസംരക്ഷണ മേഖലയിൽ നിന്നാണ്. എന്നാൽ ഈ മേഖലയിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനും വെല്ലുവിളികളെ നേരിടാനും സർക്കാരിന്റെ ഭാഗത്തു നിന്ന് കർഷകർക്ക് ഒരു സഹായവുമില്ല എന്നതാണ് നിലവിലെ അവസ്ഥ.
കോഴിക്കർഷകരുടെ നടുവൊടിക്കുന്ന നികുതികൾ
കോഴിവളർത്തൽ കർഷകരുടെ നടുവൊടിക്കുന്നത് ഉൽപാദനച്ചെലവും അമിത നികുതിയുമാണ്. പ്രതീക്ഷയോടെ കോഴി ഫാം തുടങ്ങിയ പലരും ഉപേക്ഷിച്ചു പോയി. സ്വന്തമായി കോഴിക്കുഞ്ഞുങ്ങളെ ഇറക്കി വളർത്തി വിൽക്കുമ്പോൾ കിലോഗ്രാമിന് 65 രൂപ വരുമാനം കിട്ടിയാൽ ചെലവ് 100 രൂപയാണ്. 40 ദിവസം നീളുന്ന 5 സീസണുകളാണ് ഒരു വർഷത്തെ കർഷകന്റെ വരുമാനം. ഒന്നോ രണ്ടോ സീസൺ നഷ്ടമായാലും മറ്റു 3 സീസണിൽ ലാഭമുണ്ടായാൽ പിടിച്ചുനിൽക്കാം. എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നു വലിയ തോതിലുള്ള കോഴിവരവു മൂലം കേരളത്തിലെ കർഷകർക്ക് എല്ലാ സീസണും നഷ്ടക്കച്ചവടമാണ്.
അതുകൊണ്ടു തന്നെ സ്വന്തമായുള്ള കോഴിവളർത്തൽ ഒഴിവാക്കി കൂലിക്ക് കോഴികളെ വളർത്തിക്കൊടുക്കുകയാണ് ഇപ്പോൾ മിക്ക കർഷകരും ചെയ്യുന്നത്. വരുമാനം കുറഞ്ഞാലും റിസ്ക് ഇല്ല എന്നതാണ് ഇതിനു പ്രേരിപ്പിക്കുന്നത്.കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ വൻകിട കമ്പനികൾ കൊടുക്കും. ചകിരിച്ചോർ, ജോലിക്കാരുടെ ചെലവ്, വൈദ്യുതി ചാർജ് എന്നിവ അടക്കം കർഷകൻ കണ്ടെത്തണം. 40–45 ദിവസമാകുമ്പോൾ കമ്പനി കോഴിയെ കൊണ്ടുപോകും. ആ സമയത്ത് കിലോഗ്രാമിന് 6–7 രൂപയാണു നൽകുന്നത്.വിപണിയിലെ ചാഞ്ചാട്ടത്തിനു പുറമേയാണ് സർക്കാർ നികുതികൾ. കോഴിയെ വളർത്താൻ ഫാം കെട്ടിയതിനെ കെട്ടിട നിർമാണമായി പരിഗണിച്ച് 1.86 ലക്ഷം രൂപ വരെ ഒറ്റത്തവണ നികുതിയായി നൽകേണ്ടി വന്നവരുണ്ട്.