നിള നിറഞ്ഞൊഴുകും;‘രണ്ടാമൂഴം’ വേദിയിൽ
Mail This Article
തിരുവനന്തപുരം∙ നിള ഒഴുകും, എംടിയുടെ രണ്ടാമൂഴവുമായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് കേരളനടനത്തിലാണ് നിള നാഥ് എന്ന നർത്തകി എംടിയുടെ രണ്ടാമൂഴത്തിനു നൃത്താവിഷ്കാരവുമായെത്തുന്നത്. കുട്ടിക്കാലത്തേ നിളയെ വിട്ടുപിരിഞ്ഞ അമ്മയുടെ സ്വപ്നമാണ് സംസ്ഥാന കലോത്സവത്തിൽ സഫലമാകാൻ പോകുന്നത്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ അച്ഛൻ കക്കോടി പാടത്തിൽ എ.ബിജുനാഥ് നടത്തുന്ന സമർപ്പണം കൂടിയാണ് നിളയുടെ നേട്ടങ്ങൾക്കു പിന്നിൽ.
കേരളനടനത്തിൽ പുരാണകൃതികളെ അവലംബിച്ചാണ് നൃത്തം ചിട്ടപ്പെടുത്താറുള്ളത്. എന്നാൽ, ആ പതിവുരീതി വിട്ട് എംടിയുടെ നോവൽ അടിസ്ഥാനമാക്കി കേരളനടനം ചിട്ടപ്പെടുത്തിയാണ് നിള വേദിയിലെത്തുന്നത്. രണ്ടാമൂഴത്തിലെ ഭീമനായും പാഞ്ചാലിയായും ദുശ്ശാസനനുമായാണ് നിളയുടെ വേഷപ്പകർച്ച. ഇതിനകംതന്നെ വിദേശരാജ്യങ്ങളിലും 15 സംസ്ഥാനങ്ങളിലും നൃത്തം അവതരിപ്പിച്ചുകഴിഞ്ഞു നിള.
ചേളന്നൂർ എകെകെആർ എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ്. കുട്ടിക്കാലത്തേ കലാമണ്ഡലം സത്യവ്രതനുകീഴിൽ നൃത്തം അഭ്യസിച്ചു വരുന്നു. കേരളനടനത്തിൽ ഗുരു സത്യവ്രതൻ. മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്്ണയുടെ ശിഷ്യ. യങ് ജീനിയസ് നാഷനൽ അവാർഡ്, ചൈൽഡ് ആർട്ടിസ്റ്റ് ദേശീയപുരസ്കാരം, നോർത്ത് ഈസ്റ്റേൺ സ്പേസ് അപ്ലിക്കേഷൻ സെന്ററിന്റെ നൃത്ത ഉപഹാരം, ബംഗാളിൽ ഡബ്ല്യുപിസിഎൽ പുരസ്കാരം തുടങ്ങി ദേശീയതലത്തിൽ ഒട്ടേറെ അംഗീകാരങ്ങളും നിളയെത്തേടിയെത്തിക്കഴിഞ്ഞു.