പുതിയ ഡിസിസി ഓഫിസ് മന്ദിരം അടുത്ത മാസം തുറക്കും
Mail This Article
കോഴിക്കോട്∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ പുതിയ നാലു നില കെട്ടിടം അടുത്ത മാസം ഉദ്ഘാടനം ചെയ്യും. ലീഡർ കെ.കരുണാകരൻ മന്ദിരമെന്ന പേരിൽ നിർമാണം പൂർത്തിയായിവരുന്ന കെട്ടിടത്തിൽ കോൺഗ്രസിനു പുറമേ വിവിധ പോഷകസംഘടനകൾക്കും വിവിധ സെല്ലുകൾക്കും പ്രത്യേകം ഓഫിസുകൾ ഒരുങ്ങുകയാണ്. 350 പേർക്കിരിക്കാവുന്ന രീതിയിൽ നിർമിച്ച ഓഡിറ്റോറിയം താഴത്തെ നിലയിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരാണ് നൽകുക.ഒന്നാം നിലയിലാണ് ഡിസിസി പ്രസിഡന്റിന്റെ ഓഫിസ്. ഇതിനു പുറമേ വാർ ആൻഡ് റിസർച് റൂം ആണ് ഈ നിലയിലെ പ്രത്യേക കേന്ദ്രം. തിരഞ്ഞെടുപ്പുകൾക്കായി ജില്ലയെ സജ്ജമാക്കുന്ന പ്രവർത്തനത്തിനൊപ്പം ജില്ലയിലെ പാർട്ടി ഡേറ്റ ശേഖരണത്തിനുമായി ഇവിടെ 5 പേർ സദാസമയവും പ്രവർത്തനസജ്ജരായിരിക്കും. 25 വർഷത്തെ ഭാവിപ്രവർത്തനം മുന്നിൽക്കണ്ടാണ് ഇതു സജ്ജീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. 110 പേർക്ക് ഇരിക്കാവുന്ന മീഡിയ റൂമും ഒന്നാം നിലയിലാണ്.
യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ്, ദലിത് കോൺഗ്രസ്, ഇൻകാസ്, സേവാദൾ എന്നിവയുടെ ഓഫിസുകൾ രണ്ടാം നിലയിൽ. ഇതേ നിലയിൽ പെൻഷൻകാർക്കായി 400 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രത്യേക മുറിയൊരുക്കുന്നുണ്ട്. ഡിസിസി നേതൃയോഗം ചേരാൻ കഴിയുംവിധം 150 പേർക്കിരിക്കാവുന്ന മിനി ഓഡിറ്റോറിയമാണ് മൂന്നാം നിലയിലെ പ്രധാന ഭാഗം. യുഡിഎഫ് ജില്ലാ കമ്മിറ്റിക്കു യോഗം ചേരാനും ഇവിടെ സൗകര്യമുണ്ടാകും. മുതിർന്ന നേതാക്കൾ, ജില്ലയിൽനിന്നുള്ള കെപിസിസി ഭാരവാഹികൾ, എംഎൽഎമാർ, എംപിമാർ എന്നിവർക്കിരിക്കാൻ ഈ നിലയിൽ പ്രത്യേക സ്ഥലമൊരുക്കും. എ.സുജനപാലിന്റെ പേരിൽ തയാറാകുന്ന ലൈബ്രറി മൂന്നാം നിലയിലാണ്. ഇതിലേക്ക് പുസ്തകസമാഹാരണം ആരംഭിച്ചു. ഡികെടിഎഫ്, കർഷക കോൺഗ്രസ് തുടങ്ങിയ വിവിധ സെല്ലുകൾക്ക് പ്രത്യേക ഓഫിസുകളും മൂന്നാം നിലയിലൊരുങ്ങും.
അതിഥികൾക്ക് താമസിക്കാൻ 2 സ്യൂട്ട് മുറികളും ഈ കെട്ടിടത്തിലുണ്ടാകും.മുൻ ഡിസിസി പ്രസിഡന്റുമാരായ എൻ.പി.മൊയ്തീൻ, പി.ശങ്കരൻ, യു.രാജീവൻ, വി.പി.കുഞ്ഞിരാമക്കുറുപ്പ്, ബാവഹാജി, വിടപറഞ്ഞ നേതാക്കളായ കെ.ജി.അടിയോടി, കെ.സാദിരിക്കോയ, എം.കമലം, എം.ടി.പത്മ തുടങ്ങിയവരുടെ പേരിലായിരിക്കും വിവിധ ഹാളുകളും ബ്ലോക്കുകളും. 2021ൽ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിർമാണം 2022 മാർച്ചിലാണ് തുടങ്ങിയത്. 7.5 കോടി രൂപ ചെലവിൽ ഒന്നര വർഷംകൊണ്ടാണ് 24,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 2 ലിഫ്റ്റുകളും 2 ഭാഗങ്ങളിലായി ചവിട്ടുപടികളും കെട്ടിടത്തിന്റെ മുകൾനിലയിലേക്കു വഴിയൊരുക്കും. 60 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. കഫെറ്റീരിയയും തുടങ്ങും.