നടപടി നീളുന്നു: നിർദിഷ്ട മുക്കം ഗവ.പോളിടെക്നിക്; നാടിന് നഷ്ടമാകുമോ?
Mail This Article
മുക്കം ∙ നിർദിഷ്ട മുക്കം ഗവ.പോളിടെക്നിക് യാഥാർഥ്യമാകുമോ? 10 വർഷം മുൻപ് ആരംഭിച്ചതാണ് പോളിടെക്നിക്കിനുള്ള നടപടികൾ. ഇപ്പോഴും നടപടികൾ നീളുമ്പോൾ നഷ്ടപ്പെടുമോ എന്നതാണ് ആശങ്ക.പോളിടെക്നിക്കിനായി തുടക്കത്തിൽ കണ്ടെത്തിയിരുന്ന ചേന്ദമംഗല്ലൂർ മംഗലശ്ശേരി തോട്ടത്തിനു പകരം ഇസ്‌ലാഹിയ അസോസിയേഷന് കീഴിലുള്ള മുത്താപ്പുമ്മൽ ഭാഗത്തെ 5 ഏക്കർ സ്ഥലത്ത് ആരംഭിക്കാനുള്ള നടപടികളായിരുന്നു ഇടക്കാലത്ത് ഊർജിതമായിരുന്നത്.സർവേ നടപടികളും വില നിർണയവും വരെ കഴിഞ്ഞെങ്കിലും തുടർ നടപടി ഇപ്പോഴും ഫയലിൽ കുരുങ്ങി കിടക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകേണ്ട നഗരസഭ അധികൃതരുടെ ഭാഗത്തു നിന്ന് കാലതാമസം വരുന്നതായി ആക്ഷേപം ഉണ്ട്.
കലക്ടറും റവന്യു ഉദ്യോഗസ്ഥരും സ്ഥലം വിട്ടു കൊടുക്കാൻ തയാറായ ഇസ്‌ലാഹിയ അസോസിയേഷനും വഖഫ് ബോർഡ് അധികൃതരും യോഗം ചേർന്നു തീരുമാനമെടുത്താൽ നടപടികൾ വേഗത്തിലാകുമെന്ന് അഭിപ്രായമുണ്ട്. പക്ഷേ ഈ കൂടിക്കാഴ്ച നീളുകയാണ്.2015ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്നു ഗവ.പോളിടെക്നിക് സ്ഥാപിക്കാനുള്ള നടപടികൾക്കു തുടക്കം കുറിച്ചത്. വനംവകുപ്പിന്റെ കൈവശമുള്ള മംഗലശ്ശേരി തോട്ടത്തിൽ സ്ഥലവും കണ്ടെത്തിയിരുന്നു. സാങ്കേതിക കാരണങ്ങളാൽ ഈ സ്ഥലം ഉപേക്ഷിക്കേണ്ടി വന്നു. 2014ൽ യുഡിഎഫ് ഭരണ കാലത്ത് മംഗലശ്ശേരി തോട്ടത്തിൽ പോളി ആരംഭിക്കുന്നതിന് ബജറ്റിൽ തുകയും വകയിരുത്തിയിരുന്നു.2018ൽ മുത്താപ്പുമ്മൽ ഭാഗത്തെ സ്ഥലത്തു സാധ്യത പഠനം നടത്തി ഉദ്യോഗസ്ഥർ അനുകൂല റിപ്പോർട്ടും സമർപ്പിച്ചിരുന്നു. മുത്താപ്പുമ്മൽ സ്ഥലത്ത് സർവേ നടപടികളും വില നിർണയവും നടത്തിയിട്ടും നടപടികൾ നീളുന്നതിലാണ് ആശങ്ക.