തിരക്കൊഴിയാതെ പരശുറാം; ഇറങ്ങാനോ കയറാനോ കഴിയില്ല, നിലപാടു മാറ്റാതെ റെയിൽവേ
Mail This Article
കോഴിക്കോട് ∙ പരശുറാം എക്സ്പ്രസിൽ ഇന്നലെയും തിരക്കിനു കുറവില്ല. താംബരം മംഗളൂരു എക്സ്പ്രസ് (16159) 21 മിനിറ്റ് വൈകി 2.36നാണ് കോഴിക്കോട് വിട്ടത്. പരശുറാം 20 മിനിറ്റ് നേരത്തേ കോഴിക്കോട് എത്തിയെങ്കിലും ഇറങ്ങാനോ കയറാനോ കഴിയാത്തത്ര തിരക്കായിരുന്നു കോച്ചുകളിൽ. 4.08ന് കോഴിക്കോട്ടെത്തിയ പരശുറാം പുറപ്പെട്ടത് 5ന്. ട്രെയിൻ വന്ന ഉടൻ കോച്ചുകളിൽ കയറിപ്പറ്റിയവർക്കു പുറമേ 5ന് പുറപ്പെടുംവരെ ഈ ട്രെയിനിലേക്കു യാത്രക്കാർ കയറുകയായിരുന്നു. കോച്ചുകളെല്ലാം നിറഞ്ഞ ശേഷമാണ് ട്രെയിൻ നീങ്ങിത്തുടങ്ങിയത്.
കൊയിലാണ്ടിയിലും വടകരയിലും ഇതുതന്നെയായിരുന്നു അവസ്ഥ.കഴിഞ്ഞ ദിവസം പരശുറാമിൽനിന്ന് വടകരയിൽ യാത്രക്കാരികളിലൊരാൾ ഇറങ്ങാൻ പ്രയാസപ്പെടുന്നതിനിടയിലാണ് മറ്റൊരു യാത്രക്കാരിക്കു ചവിട്ടേറ്റത്. വിരലിനു സാരമായ പരുക്കേറ്റ യാത്രക്കാരിക്കു ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടി വന്നു. കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യം റെയിൽവേ തുടർച്ചയായി അവഗണിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
ട്രെയിനില്ലാതെ 3 മണിക്കൂർ
കോഴിക്കോട്∙ ഉച്ചക്ക് 2.15 മുതൽ വൈകീട്ട് 5 വരെ കോഴിക്കോട് സ്റ്റേഷനിൽനിന്നൊരു പ്രതിദിന ട്രെയിൻ കണ്ണൂർ ഭാഗത്തേക്കില്ലെന്നതാണ് യാത്രക്കാർ ഇപ്പോൾ നേരിടുന്ന ഗുരുതരമായ പ്രശ്നം.നിലവിലുള്ള സമയക്രമത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഉച്ചക്ക് 2നും 2.15നും കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന ട്രെയിനുകളിലൊന്നായ കോഴിക്കോട്–കണ്ണൂർ പാസഞ്ചർ 3മണിയിലേക്കു മാറ്റിയാൽ ഈ പ്രശ്നത്തിനു താൽക്കാലികമായെങ്കിലും പരിഹാരമാകുമെന്നാണ് അഭിപ്രായം.ഉച്ചയ്ക്ക് 2ന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന പാസഞ്ചർ 4.50നാണ് ചെറുവത്തൂർ പാസഞ്ചർ ട്രെയിനായി കണ്ണൂരിൽനിന്നു പുറപ്പെടുന്നത്.
പല സ്റ്റേഷനുകളിലും നിർത്തിയിട്ടാണ് ഇതിന്റെ യാത്ര. ഇതു 3നു പുറപ്പെട്ടാലും കണ്ണൂരിലെത്താൻ വൈകില്ലെന്നിരിക്കെ സമയമാറ്റത്തിനു റെയിൽവേ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എഗ്മോർ എക്സ്പ്രസിന്റെ സമയമാറ്റമാണ് മറ്റൊരു പ്രശ്നം. നേരത്തെ 2.45നു പുറപ്പെട്ടിരുന്ന ഈ ട്രെയിൻ ഇപ്പോൾ 2.15നാണ് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നത്. വൈകിട്ട് 5നുശേഷവും ഒട്ടേറെ ട്രെയിനുകളാണ് കണ്ണൂർ ഭാഗത്തേക്കുള്ളത്. 5.15ന് മംഗള, 5.30ന് ഷൊർണൂർ–കണ്ണൂർ സ്പെഷൽ എക്സ്പ്രസ്, 6ന് കുർള തുടങ്ങി ഒട്ടേറെ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.ഉച്ചയ്ക്ക് 2നു മുൻപും സമാനമായ രീതിയിൽ കണ്ണൂർ ഭാഗത്തേക്കു ട്രെയിനുകളുണ്ട്