പൈപ്പ് മാറ്റി സ്ഥാപിക്കാത്തത് കാരണം റോഡിൽ വെള്ളക്കെട്ട്
Mail This Article
ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി – ചക്കിട്ടപാറ റോഡിൽ പിള്ളപ്പെരുവണ്ണ അങ്ങാടിയിൽ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിർമിക്കുമ്പോൾ ജല അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കാത്തത് മഴക്കാലത്ത് വെള്ളക്കെട്ടിനു കാരണമാകുമെന്നു പരാതി.പിള്ളപ്പെരുവണ്ണ തോട്ടിൽ നിർമിക്കുന്ന കലുങ്കിന്റെ താഴ്ഭാഗത്തെ നിലവിലുള്ള ജലജീവൻ പൈപ്പ് മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെടുത്തി പ്രദേശത്തെ വീടുകളും, കൃഷിയിടങ്ങളും വെള്ളക്കെട്ടിലാകുമെന്നാണു ആക്ഷേപം.മാസങ്ങൾക്കു മുൻപാണ് തോടിനു കുറുകെ ജലജീവൻ പൈപ്പ് സ്ഥാപിച്ചത്. പഴയ ജല അതോറിറ്റി പൈപ്പ് നീക്കാത്തതും മരങ്ങൾ ഉൾപ്പെടെ മാലിന്യങ്ങൾ കലുങ്കിന്റെ താഴ്ഭാഗത്ത് നിറയുന്നതും ജലമൊഴുക്ക് തടസ്സപ്പെടാൻ കാരണമാകും.കഴിഞ്ഞ മഴക്കാലത്ത് മുട്ടത്തുകുന്നേൽ ടോമി, ഇളപ്പുങ്കൽ ചാക്കോ എന്നിവരുടെ വീട് വെള്ളക്കെട്ടിലായിരുന്നു.കൃഷിയിടങ്ങളിലും ദിവസങ്ങളോളം വെള്ളം നിറഞ്ഞു. തോട്ടിലെ വെള്ളക്കെട്ട് നിമിത്തം പിള്ളപ്പെരുവണ്ണ തോടരികു ഇടിയുന്നത് മഞ്ഞക്കാട്ടിൽ അമ്മിണിയുടെ ഉൾപ്പെടെ കൃഷി ഭൂമി ഇടിഞ്ഞു നശിക്കുന്നതിനു കാരണമാകുന്നുണ്ട്.പ്രദേശവാസികൾക്ക് ദുരിതം സൃഷ്ടിക്കുന്ന പൈപ്പ് അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ ജല അതോറിറ്റി അധികൃതർ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.