വിലങ്ങാട് ദുരന്തബാധിതർക്ക് നഷ്ടപരിഹാരം: റവന്യു അധികൃതരുടെ പട്ടികയിൽ അപാകതയെന്ന് പരാതി
Mail This Article
വിലങ്ങാട്∙ കഴിഞ്ഞ ജൂലൈ അവസാനമുണ്ടായ ഉരുൾപൊട്ടലിൽ വീട് അടക്കം നഷ്ടപ്പെട്ട വിലങ്ങാട്ടുകാർക്ക് സർക്കാർ നഷ്ടപരിഹാരത്തിനു പരിഗണിക്കുന്ന പട്ടികയിൽ പോരായ്മകളുണ്ടെന്നു പരാതി. 3 പട്ടികകളാണു റവന്യു അധികൃതർ ഒടുവിൽ തയാറാക്കിയത്. ഇവയിൽ വീടു മാത്രം നഷ്ടപ്പെട്ടത് 25 പേർക്കാണ്. പൂർണമായി വീടും സ്ഥലവും നഷ്ടമായ 11 പേരുടെ പട്ടികയുമുണ്ട്. വഴി നഷ്ടപ്പെട്ടവരായി 17 പേരുടെ പട്ടികയുമുണ്ട്. 15 ലക്ഷം രൂപ വീതമാണ് വീടു നഷ്ടമായവർക്ക് ലഭിക്കുക. വീടു നിർമിക്കാനുള്ള സ്ഥലം വാങ്ങാനും വീടു പണിയാനുമായി 15 ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുക.എന്നാൽ, മുൻപ് ഉദ്യോഗസ്ഥ സംഘം തയാറാക്കിയ പട്ടിക പ്രകാരമുള്ളതല്ല ഇപ്പോൾ പരിഗണിക്കുന്നതെന്നും അർഹരായ പലരെയും ഒഴിവാക്കിയെന്നുമാണു പരാതി.
ഇതിനെതിരെ പ്രക്ഷോഭം നടത്തുന്നത് ആലോചിക്കാൻ ഇന്ന് കോൺഗ്രസ് യോഗം ചേരും. കൂട്ടിച്ചേർക്കേണ്ടവരുടെ പട്ടിക റവന്യു അധികൃതർക്ക് നൽകിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു.അതിനിടെ, നിലവിൽ സ്വന്തമായി വീടുള്ള ചിലരുടെ പേരും വീട് നഷ്ടമായവരുടെ പട്ടികയിൽ ഉൾപെട്ടതായി കോൺഗ്രസ് നേതൃത്വം റവന്യു അധികൃതരെ അറിയിച്ചിട്ടുണ്ട്. വിലങ്ങാട്ടു നിന്നു മുൻപ് താമസം മാറ്റിയ ചിലർ അടക്കം റവന്യു അധികൃതരുടെ പട്ടികയിൽ കടന്നു കൂടിയെന്നാണു പരാതി. ഇക്കാര്യം പരിശോധിക്കാമെന്ന് അധികൃതർ സമ്മതിച്ചിട്ടുമുണ്ട്. വീടുകളുടെ നിർമാണത്തിനു സ്ഥലം നിർണയിക്കുന്നത് നീളുകയാണ്. എൻഐടി സംഘം ഒരു തവണ വിലങ്ങാട്ടെത്തി പരിശോധന നടത്തിയെങ്കിലും ഉരുൾപൊട്ടൽ ഭീഷണി നിലവിലില്ലാത്ത സ്ഥലം ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഡിസംബറിലെ വീട്ടുവാടക അനുവദിക്കും
ഉരുൾ പൊട്ടലിനെ തുടർന്ന് വാടക വീടുകളിൽ കഴിയുന്നവർക്കുള്ള ഡിസംബറിലെ വീട്ടുവാടക എത്രയും വേഗം അനുവദിക്കാൻ ഇന്നലെ കലക്ടറേറ്റിൽ ചേർന്ന വിലങ്ങാട്ടെ പുനരധിവാസ പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട യോഗത്തിൽ തീരുമാനമായി.നവംബർ വരെയുള്ള വാടക നൽകി. ഡിസംബറിലും ഇവർ വാടക വീടുകളിലാണോ കഴിയുന്നതെന്നു പരിശോധിച്ച ശേഷമായിരിക്കും വീട്ടു വാടക അനുവദിക്കുക. റോഡുകളുടെയും പാലങ്ങളുടെയും നിർമാണം അടക്കമുള്ള കാര്യങ്ങളും ഇന്നലെ ചേർന്ന യോഗം അവലോകനം ചെയ്തു. ഉരുൾപൊട്ടലിൽ മലമുകളിൽ നിന്ന് താഴേക്കു പതിച്ച മരങ്ങളും പാറക്കല്ലുകളും നീക്കം ചെയ്യുന്നത് ഇതു വരെ തുടങ്ങിയിട്ടില്ല. മലവെള്ളപ്പാച്ചിൽ കഴിഞ്ഞു പുഴയാകെ വറ്റി വരണ്ടു കിടക്കുകയാണിപ്പോൾ.