‘ചെറ്യേ സ്പാനർ’ പോരാ, ഓടിത്തള്ളി ഡീസലും; ബെല്ലടിച്ചാലും ബസ് ഓടില്ല
Mail This Article
മലപ്പുറം∙കോവിഡ് പ്രതിസന്ധിക്കു ശേഷം വീണ്ടും തുറക്കുന്നതിന്റെ ആഘോഷങ്ങൾക്കിടയിലും ബസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ സ്കൂൾ അധികൃതർ . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മുതൽ ഒരു സീറ്റിൽ ഒരു കുട്ടിയെന്ന നിബന്ധനവരെയായി ഒട്ടേറെ ആശങ്കകളാണ് സ്കൂൾ അധികൃതരെ കുഴക്കുന്നത്. ചില സ്കൂളുകൾ ആദ്യത്തെ രണ്ടാഴ്ചത്തേക്കു ബസുകൾ ഓടിക്കുന്നില്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ബസുകൾ കട്ടപ്പുറത്തു നിന്നിറക്കാമെന്നാണു തീരുമാനം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളെല്ലാം ബസിറക്കുന്ന കാര്യത്തിൽ ആശങ്കയിലാണ്. ചില സ്കൂളുകൾ വരും ദിവസങ്ങൾ പിടിഎ യോഗം വിളിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.
വരവില്ലെങ്കിലും ചെലവിനു കുറവില്ല
ബസൊന്നു പൊടി തട്ടിയെടുത്ത് ഇറക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ട സ്ഥിതിയാണ്. ഒന്നര വർഷത്തോളം കട്ടപ്പുറത്തു കിടന്നതിനാൽ ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനു റജിസ്ട്രേഷൻ ഫീസ് നൽകണം. ജില്ലയിലെ പകുതിയിലേറെ ബസുകൾ ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ല.ദീർഘകാലം ഓടാതെ കിടന്നതിനാൽ ഭൂരിഭാഗം ബസുകൾക്കും ബാറ്ററി മാറ്റണം. ഒരു ബസിനു മാത്രം 10000 രൂപയിലേറെ ഇതിനായി ചെലവഴിക്കണം. ഇതിനു പുറമേ, ഇൻഷുറൻസ്, റോഡ് നികുതി എന്നിവ വേറെ. റോഡ് നികുതി അടയ്ക്കാൻ ഡിസംബർ 31 വരെ സർക്കാർ സമയം നൽകിയതു മാത്രമാണ് ആശ്വാസം. ഇൻഷുറൻസ് വകയിൽ 50,000 മുതൽ ഒരു ലക്ഷം വരെയാണു സ്കൂളുകൾ അടയ്ക്കാനുള്ളത്.
‘ചെറ്യേ സ്പാനർ’ പോരാ
ഒന്നര വർഷം ഓട്ടമില്ലാതെ കിടന്നതിനാൽ പല ബസുകളുടെയും ടയറുകൾ മാറ്റേണ്ട സ്ഥിതിയാണ്. ഇതിനായി നല്ലൊരു സംഖ്യ ചെലവഴിക്കണം. നിലവിൽ വലിയ പ്രശ്നമില്ലെങ്കിലും ഓട്ടം തുടങ്ങി അധികം വൈകാതെ ഇവ മാറ്റേണ്ടി വരും. പല സ്കൂൾ ബസുകളും നിർത്തിയിട്ട കാലത്തും അധ്യാപകരും ജീവനക്കാരും ചേർന്നു കൃത്യമായ രീതിയിൽ പരിപാലിച്ചിരുന്നു. ഒന്നര മാസത്തിനിടെ ഓയിലും മറ്റും മാറ്റാത്ത ബസുകൾ നന്നാക്കിയെടുക്കാൻ കുറച്ചു പണിപ്പെടേണ്ടിവരും.
ഓടിത്തള്ളി ഡീസൽ
സ്കൂൾ ബസുകൾ വെറുതെ കിടക്കുകയായിരുന്നെങ്കിലും ഈ ഒന്നര വർഷം ഡീസൽ ഓടിത്തള്ളുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ അടച്ച 2019 ആദ്യത്തിൽ ഡീസലിന്റെ വില 75 രൂപയായിരുന്നു. ഇപ്പോൾ ഇതു 103 രൂപയാണ്. വർധന 28 രൂപ. നടത്തിപ്പിനുള്ള തുക വിദ്യാർഥികളിൽനിന്ന് ഈടാക്കാതെ ബസുകൾ നിലനിർത്താനാവില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. എന്നാൽ, കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധി ഒഴിയാത്ത സമയത്ത് രക്ഷിതാക്കൾക്കുമേൽ കൂടുതൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കാനും കഴിയില്ല. പിടിഎ യോഗം വിളിച്ച് എല്ലാവർക്കും യോജിക്കാവുന്ന പരിഹാരം കാണാനുള്ള ശ്രമത്തിലാണു സ്കൂൾ അധികൃതർ.
ഒരു സീറ്റിൽ എത്ര പേർ ?
ഒരു സീറ്റിൽ എത്ര വിദ്യാർഥികൾക്ക് ഇരിക്കാമെന്നതിൽ ആശയക്കുഴപ്പം തുടരുന്നു. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് രണ്ടു സീറ്റുള്ള ഒരു നിരയിൽ ഒരു സീറ്റിൽ ഒരു കുട്ടി മാത്രം എന്നാണു നിർദേശം. മറ്റു കുട്ടികൾക്ക് എല്ലാ സീറ്റിലും ആളിരിക്കാം. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവിൽ വ്യക്തതക്കുറവുണ്ട്. രണ്ടു സീറ്റിൽ ഒരാൾ എന്ന നിലയിൽ പകുതി കുട്ടികളുമായി ബസ് ഓടിക്കുന്നതു പ്രായോഗികമല്ലെന്നും സ്കൂൾ അധികൃതർ പറയുന്നു.