ADVERTISEMENT

കുറ്റിപ്പുറം ∙ മഹാകവി ഇടശ്ശേരി പേരാറിനെ നോക്കി അഭിമാനപൂർവം കയറിനിന്ന ഭാരതപ്പുഴപ്പാലത്തിന്റെ രൂപം മാറുന്നു. നിളയിലെ ചരിത്രപ്രസിദ്ധമായ പാലം പുതിയ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നവീകരിക്കപ്പെടുകയാണ്. 1953ൽ 29 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പാലത്തിന്റെ കിഴക്കുവശത്ത് 4 ട്രാക്കുകളോടുകൂടിയ പുതിയ പാലം വരുമ്പോൾ നിളയ്ക്കു കുറുകെ 6 വരികളിൽ സഞ്ചാരസൗകര്യമൊരുങ്ങും. പുതിയ പാലത്തിനായുള്ള മണ്ണുപരിശോധന ഇന്നലെ ആരംഭിച്ചു.

 ഭാരതപ്പുഴയിൽ നാലുവരിയോടുകൂടിയ പുതിയ പാലം നിർമിക്കുന്ന സ്ഥലം. മിനിപമ്പയിൽനിന്നുള്ള  ദൃശ്യം.
ഭാരതപ്പുഴയിൽ നാലുവരിയോടുകൂടിയ പുതിയ പാലം നിർമിക്കുന്ന സ്ഥലം. മിനിപമ്പയിൽനിന്നുള്ള ദൃശ്യം.

1949 മേയ് 8ന് അന്നത്തെ മദ്രാസ് മരാമത്ത് വകുപ്പ് മന്ത്രി എം.ഭക്തവത്സലമാണ് നിലവിലെ കുറ്റിപ്പുറം പാലത്തിന് തറക്കല്ലിട്ടത്. 1953 സെപ്റ്റംബറിൽ നിർമാണം പൂർത്തീകരിച്ചു. മദ്രാസിലെ മോഡേൺ ഹൗസിങ് കൺസ്ട്രക്‌ഷൻ ആൻഡ് പ്രോപ്പർട്ടീസിനായിരുന്നു നിർമാണ ചുമതല. തിരുവിതാംകൂറിനെയും മലബാറിനെയും റോഡ് മാർഗം ബന്ധിപ്പിച്ച പാലംകൂടിയാണിത്. മിനിപമ്പയിലെ പാർക്കിങ് സ്ഥലത്തുകൂടിയാണ് പുതിയ പാലം വരുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡ് അടക്കമുള്ള ഭാഗങ്ങളിലെ നിലമൊരുക്കൽ പൂർത്തിയായി. മണ്ണുപരിശോധന ഒരുമാസത്തിനകം പൂർത്തിയാകും.

ഇതിനുശേഷം അന്തിമ ഡിസൈൻ തയാറാകുന്നതോടെ പൈലിങ് ജോലികൾ ആരംഭിക്കും. ഭാരതപ്പുഴയിൽ ഇരുവശത്തേക്കുമായി 3 വീതം ട്രാക്കുകളോടെയുള്ള സഞ്ചാരസംവിധാനമാണ് ഒരുക്കുന്നത്. നിലവിലെ രണ്ടു വരി പാലം എറണാകുളം ഭാഗത്തേക്കുള്ള 3 ട്രാക്കുകളിൽ രണ്ടെണ്ണമായി ഉപയോഗിക്കും. പാലത്തിന്റെ സമീപത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റി. അടുത്ത കാലവർഷത്തിനു മുൻപായി പൈലിങ് ജോലികൾ പൂർത്തിയാക്കി തൂണുകളുടെ നിർമാണം ആരംഭിക്കാനാണു ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com