പലകയിട്ടു തിരിച്ച ക്ലാസും ഡിവിഷനും; ഞങ്ങൾക്കും വേണം സ്വന്തം സ്കൂൾ കെട്ടിടം
Mail This Article
എആർ നഗർ ∙ നാടെങ്ങും സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് ആയിട്ടും മമ്പുറം ജിഎംഎൽപി സ്കൂളിലെ വിദ്യാർഥികൾക്കു മാത്രം അത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. വാടകക്കെട്ടിടത്തിലാണ് സ്കൂൾ എന്നതാണ് പ്രധാന പ്രശ്നം. നൂറ്റാണ്ടോളം പഴക്കമുള്ള സ്കൂളിൽ പരിമിതമായ സൗകര്യത്തിലാണ് ഇവിടത്തെ കുട്ടികൾ പഠിക്കുന്നത്. നേരത്തെ പള്ളിപ്പറമ്പിലായിരുന്നു സ്കൂൾ. 1929 ലാണ് മമ്പുറം വെട്ടത്ത് വികെ പടി റോഡിൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയത്.
23 സെന്റ് സ്ഥത്ത് 2 കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്.1 മുതൽ 4 വരെയുള്ള സ്കൂളിൽ 177 കുട്ടികൾ പഠിക്കുന്നു. 4 –ാം ക്ലാസ് ഒഴികെ മറ്റു 3 ക്ലാസുകളും 2 വീതം ഡിവിഷനുകളുണ്ട്. 7 അധ്യാപകരാണുള്ളത്. അതിൽ പ്രധാനാധ്യാപികയും പാർട്ട് ടൈം സ്വീപ്പറും മാത്രമാണ് സ്ഥിരം ജീവനക്കാർ. മറ്റുള്ളവരെല്ലാം താൽക്കാലിക ജീവനക്കാരാണ്. അതേസമയം പഠന–പാഠ്യേതര രംഗത്ത് മികവു പുലർത്തുന്ന സ്കൂളാണിത്. ജില്ലയിലെ സർഗ വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനത്താണ്.
സ്ഥലം ഏറ്റെടുക്കണം
സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തന്നെ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനു വലിയ തുക വേണ്ടി വരും. അൽപം കുറഞ്ഞ വിലയ്ക്ക് ഉടമ മറ്റൊരു സ്ഥലം വിൽക്കാൻ തയാറായെങ്കിലും അനുയോജ്യമല്ലെന്നാണു നാട്ടുകാരുടെ പക്ഷം. വരുംതലമുറയ്ക്കു വേണ്ടി മികച്ച പഠന സൗകര്യമൊരുക്കാൻ സ്കൂളിന് സ്വന്തം സ്ഥലവും അത്യാവശ്യവുമാണ്. ആര് മുൻകയ്യെടുക്കുമെന്നതാണ് ഇനി അറിയേണ്ടത്.
പലകയിട്ടു തിരിച്ച ക്ലാസും ഡിവിഷനും
സ്വന്തം സ്ഥലവും കെട്ടിടവുമില്ലാത്തതിനാൽ ആനൂകൂല്യങ്ങളൊന്നും സ്കൂളിനു ലഭിക്കുന്നില്ല. 2 കെട്ടിടങ്ങളും ഹാൾ രൂപത്തിലാണ്. മരപ്പലക ഉപയോഗിച്ചാണ് ക്ലാസും ഡിവിഷനും തിരിച്ചിരിക്കുന്നത്. ഇത് അധ്യാപനത്തേയും ബാധിക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ തറയും ദ്രവിച്ച ജനലുകളുമാണ്. ഐടി പഠനത്തിനായി ലാപ്ടോപ് നൽകിയിട്ടുണ്ടെങ്കിലും ഇവ ഓരോ ക്ലാസ് മുറികളിലും കൊണ്ടുപോയാണ് പഠിപ്പിക്കുന്നത്. ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല.
സ്കൂൾ ലൈബ്രറിക്കും സൗകര്യമില്ല. സന്നദ്ധ സംഘടനകളാണ് ശുചിമുറികൾ നിർമിച്ചു നൽകിയത്. ക്ലാസ് മുറികളിലേക്കുള്ള ഫാനുകളും ഇത്തരത്തിൽ സംഘടിപ്പിച്ചതാണ്. ഇക്കാലം വരെ പിടിഎ ആയിരുന്നു വൈദ്യുതി ബില്ല് അടച്ചിരുന്നത്. ഈ വർഷം മുതൽ പഞ്ചായത്ത് ഏറ്റെടുത്തതിന്റെ ആശ്വാസമുണ്ട്.
കെ.ഫാത്തിമ ഫിദ (സ്കൂൾ ലീഡർ)
"മറ്റുള്ളവരെല്ലാം നല്ല സൗകര്യത്തിൽ പഠിക്കുമ്പോൾ അതേ പ്രായക്കാരായ ഞങ്ങൾക്ക് മാത്രം പരിമിതമായ സൗകര്യം മാത്രമാണുള്ളത്. അടച്ചുറപ്പുള്ള ക്ലാസ് മുറികളിലിരുന്ന് പഠിക്കാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്. ഈ ആവശ്യമുന്നയിച്ച് ഞങ്ങൾ മനുഷ്യാവകാശ ദിനത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചിരുന്നു. ഉടനെ പരിഹരിക്കാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്."
കെ.ലിയാഖത്തലി (പഞ്ചായത്ത് പ്രസിഡന്റ്)
"അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ഏറ്റെടുക്കാൻ പഞ്ചായത്ത് തയാറാണ്. ഇപ്പോഴുള്ള സ്ഥലത്തു തന്നെ സ്കൂൾ നിലനിർത്തണമന്ന കാര്യത്തിലും ചർച്ച നടക്കുന്നുണ്ട്."
എൻ.കെ.ഹസ്സൻകുട്ടി, പിടിഎ പ്രസിഡന്റ്.
"സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തന്നെ ഏറ്റെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആഗ്രഹം. ഭീമമായ തുക വരും. ഏറെ കാലമായി ഇതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്."
പി.അനിത പ്രധാനാധ്യാപിക
"മറ്റു സ്കൂളിലെ കുട്ടികളെ പോലെ ഞങ്ങളുടെ കുട്ടികൾക്കും പഠിക്കാൻ സൗകര്യം വേണം. അതിന് അധികൃതർ പരിഹാരം കാണണം."