ഭാരതപ്പുഴ മെലിഞ്ഞു; ചമ്രവട്ടം റഗുലേറ്ററിലും വെള്ളമില്ല
Mail This Article
തിരൂർ ∙ മാസങ്ങൾക്ക് മുൻപ് ഇരുകരകളും മുട്ടിയൊഴുകിയ ഭാരതപ്പുഴയിൽ നിലവിൽ വെള്ളം ഒഴുകിയെത്തുന്നത് നീർച്ചാലുകളായി. ചമ്രവട്ടം പദ്ധതി പ്രദേശത്തും വെള്ളം താഴ്ന്നു. വെള്ളം തടഞ്ഞു നിർത്തേണ്ട ഭാഗങ്ങളിൽ ഒട്ടേറെ മണൽത്തിട്ടകളാണ് ഇപ്പോഴുള്ളത്. റഗുലേറ്റർ കടന്ന് വെള്ളം പോകുന്ന ഭാഗത്തും വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അവശേഷിക്കുന്ന വെള്ളം മധ്യഭാഗത്ത് ചോർന്നൊലിക്കുകയാണ്. ഇതോടെ പുഴയെ ആശ്രയിച്ച് കൃഷിയിറക്കിയവർക്കു ചങ്കിടിപ്പ് കൂടി. ശുദ്ധജലക്ഷാമവും തുടങ്ങിയിട്ടുണ്ട്.
പദ്ധതിയുടെ ചോർച്ച ഇത്തവണയെങ്കിലും അടയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഇതിനായി പുഴയിൽ അടിച്ചിറക്കേണ്ട ഷീറ്റുകളും എത്തിച്ചിരുന്നു. 32.6 കോടി രൂപയുടെ കരാറാണ് ഇതിനായി നൽകിയത്. എന്നാൽ 2 പ്രളയങ്ങൾ നേരിട്ട പുഴയിൽ വന്ന പാരിസ്ഥിതിക മാറ്റങ്ങൾ പഠിക്കാതെ ചോർച്ച അടയ്ക്കാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ജലസേചന വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ നടത്തേണ്ട ഈ പഠനം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇത് വേഗത്തിൽ നടത്തിയില്ലെങ്കിൽ ഈ വർഷവും ചോർച്ച അടയ്ക്കാനാകില്ല. ഇത് ഒട്ടേറെ പേരെ ഇനിയും കണ്ണീരിലാഴ്ത്തും.