കോട്ടയ്ക്കലിന്റെ സ്വന്തം കെപിഎസി ലളിത; വിയോഗ വാർത്ത വിശ്വസിക്കാനാകാതെ പരിചരിച്ച ഡോക്ടർമാർ
Mail This Article
കോട്ടയ്ക്കൽ∙ മലയാളത്തിന് മികച്ച കലാകാരിയെ ആണെങ്കിൽ ആര്യവൈദ്യശാലയ്ക്കും കോട്ടയ്ക്കലിനും നഷ്ടമായത് അടുത്ത കൂട്ടുകാരിയെ. 7 തവണയാണ് കെപിഎസി ലളിത ആയുർവേദ ചികിത്സയുടെ പുണ്യം നുകരാനെത്തിയത്. അവരുടെ വിയോഗ വാർത്ത വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പരിചരിച്ച ഡോക്ടർമാർ.
"സംവിധായകൻ ജയരാജ് പലതവണ ഇവിടെ ചികിത്സയ്ക്കു വന്നിരുന്നു. അദ്ദേഹമാണ് ലളിത ചേച്ചിയോട് ആയുർവേദ ചികിത്സ നിർദേശിക്കുന്നത്. ഡോക്ടർക്കു സുഖമാണോ എന്നാണ് കണ്ടാലാദ്യം ചോദിക്കുക. ചികിത്സകന്റെ ക്ഷേമം അന്വേഷിക്കുന്ന രോഗിയെ ആദ്യമായി കാണുകയാണ്. പേരു പോലെ തന്നെ ലളിതമായിരുന്നു അവരുടെ സ്വഭാവവും. ചികിത്സയുമായി ബന്ധപ്പെട്ട ഭക്ഷണക്രമം നിർദേശിച്ചപ്പോൾ കഞ്ഞിയും ചമ്മന്തിയും കിട്ടിയാൽ മതിയെന്നായിരുന്നു പ്രതികരണം." ചികിത്സയിൽ പങ്കാളിയായിരുന്ന അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ.കെ.മുരളീധരൻ പറയുന്നു.
അന്നത്തെ മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.കെ.വാരിയർ, മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ, സീനിയർ ഫിസിഷ്യൻ ഡോ. സ്മിത തുടങ്ങിയവരും ചികിത്സയ്ക്കു നേതൃത്വം നൽകി. ധർമാശുപത്രിയിലെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ.പി. ബാലചന്ദ്രന്റെ സേവനും ഉപയോഗപ്പെടുത്തി.
ആയുർവേദ ചികിത്സയുടെ ഗുണഫലം അനുഭവിച്ചറിഞ്ഞ ലളിതയുടെ നിർദേശപ്രകാരം മകൻ സിദ്ധാർഥും അടുത്ത ബന്ധുക്കളും പിന്നീട് കോട്ടയ്ക്കലിലെത്തി. ചികിത്സയ്ക്കിടെ പലതവണ കൈലാസ മന്ദിരത്തിലെത്തി കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കിട്ടു. വിശ്വംഭരക്ഷേത്രത്തിൽ ദർശനവും നടത്തി. സിദ്ധാർഥിന്റെ വിവാഹത്തിന് വൈദ്യശാലയിലെ പലരെയും ക്ഷണിച്ചിരുന്നു. ഡോ.പി.കെ.വാരിയരുടെ മരണ വാർത്ത അറിഞ്ഞയുടൻ ആര്യവൈദ്യശാല അധികൃതരുമായി ബന്ധപ്പെട്ട് അനുശോചനമറിയിച്ചു. ചികിത്സ ചെയ്ത ജീവനക്കാരോടും വലിയ അടുപ്പമാണ് അവർ കാണിച്ചത്.