കണ്ണീരൊഴുക്കി നാട്; നിര്യാണത്തിൽ അനുശോചന പ്രവാഹം...
Mail This Article
മലപ്പുറം ∙ മുസ്‍ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗം മുസ്‍ലിം കേരളത്തിന് നഷ്ടമാണെന്നും അദ്ദേഹത്തിന്റെ മുഖത്തു വിരിയുന്ന പുഞ്ചിരി ഒട്ടേറെ പാവങ്ങൾക്ക് ആശ്വാസകമായിരുന്നെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി പറഞ്ഞു.സാമുദായിക സൗഹാർദത്തിനായി അഹോരാത്രം പ്രയത്നിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്.
മതനിരപേക്ഷ കേരളത്തിന്റെ പൂമുഖത്തു ജ്വലിച്ചുനിന്ന പൊൻവിളക്കായിരുന്നു തങ്ങളെന്ന് ഡിസിസി അധ്യക്ഷൻ വി.എസ്.ജോയ് പറഞ്ഞു. മതനിരപേക്ഷതയുടെ പ്രതീകത്തെ നഷ്ടമായെന്ന് എ.പി.അനിൽകുമാർ എംഎൽഎ അനുസ്മരിച്ചു. സൗമ്യഭാവത്തോടെ മുസ്‍ലിം ലീഗിനെയും യുഡിഎഫിനെയും നയിച്ച നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ പറഞ്ഞു.
രാഷ്ട്രീയ വിയോജിപ്പുകളോടു തുല്യത ഇല്ലാത്ത സൗമ്യതയിലൂടെ പ്രതികരിച്ച നേതാവിനെയാണ് കേരളത്തിനു നഷ്ടമായതെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭ സുരേന്ദ്രൻ അനുസ്മരിച്ചു. ആദർശത്തിനും പ്രാസ്ഥാനിക ചിന്തകൾക്കും കരുത്ത് പകർന്ന മഹാനായ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി പറഞ്ഞു. മുസ്‌ലിം ബഹുജന മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഹൈദരലി ശിഹാബ് തങ്ങളെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പറഞ്ഞു.
സിഎംപി അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കോട്ടുമല, ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാജൻബാബു, സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ.നജീബ് മൗലവി, ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, എൻസിപി ജില്ലാ ജനറൽ സെക്രട്ടറി ടി.എൻ.ശിവശങ്കരൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.പി.ഫിറോസ്, കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം തിരൂരങ്ങാടി എന്നിവർ അനുശോചിച്ചു.
യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റി, എസ്ഡിപിഐ ജില്ലാ കമ്മിറ്റി, ഐഎൻഎൽ ജില്ലാ സെക്രട്ടേറിയറ്റ്, പിഡിപി കേന്ദ്ര കമ്മിറ്റി, ജില്ലാ കമ്മിറ്റി, നാഷനൽ യൂത്ത്‍ ലീഗ് സംസ്ഥാന കമ്മിറ്റി, കേരളകോൺഗ്രസ് ജില്ലാ സെക്രട്ടേറിയറ്റ്, ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ കമ്മിറ്റി, മലപ്പുറം വൈഎംസിഎ, ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി, വെൽഫെയർ പാർട്ടി, മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റികളും അനുശോചിച്ചു.
∙ മന്ത്രി പി.രാജീവ്, നടൻ മമ്മൂട്ടി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, എംഎൽഎമാരായ കെ.ബാബു, അനൂപ് ജേക്കബ്, എന്നിവരും വി.കെ.ഇബ്രാഹിം കുഞ്ഞ്, നാലകത്ത് സൂപ്പി, ജോസ് തെറ്റയിൽ, എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ, പി.കെ.ഫിറോസ്, ടി.പി.അഷ്‌റഫലി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ്, അങ്കമാലി നഗരസഭാധ്യക്ഷൻ റെജി മാത്യു, മുള്ളരിങ്ങാട് ഇബ്രാഹിം മൗലവി, ഇസ്മായിൽ ഹസനി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഹസൻ ഫൈസി, രണ്ടാർക്കര മീരാൻ മൗലവി, മുൻ അഡ്വക്കറ്റ് ജനറൽ വി.കെ.ബീരാൻ തുടങ്ങിയവർ അങ്കമാലി ജമാഅത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു.