ADVERTISEMENT

മലപ്പുറം ∙ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന കാലത്തു തന്നെ പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാന പ്രചാരണത്തിന്റെ ചുമതല നിർവഹിച്ച നേതാവാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. 2006ൽ പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ ചികിത്സാവശ്യാർഥം അമേരിക്കയിലേക്ക് പോയപ്പോഴായിരുന്നു അത്.  വിവിധ പ്രതികൂലഘടകങ്ങളെ നേരിടേണ്ടി വന്ന ആ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായെങ്കിലും പിന്നീട് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോക്സഭാ, നിയമസഭാ പ്രകടനങ്ങൾ സമ്മാനിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്നതും ചരിത്രം.

സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം പ്രചാരണം ചൂടു പിടിച്ച സമയത്തായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ചികിത്സയ്ക്കായി പോകേണ്ടി വന്നത്. ഏപ്രിൽ മാസത്തിലെ കനത്ത ചൂടിനേക്കാൾ കടുത്ത രാഷ്ട്രീയച്ചൂടായിരുന്നു അന്ന് മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലടക്കം. ഈ സാഹചര്യത്തിൽ പൊടുന്നനെ പ്രചാരണച്ചുമതലയേൽക്കേണ്ടി വന്ന ഹൈദരലി തങ്ങൾക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. കെ.ടി.ജലീൽ പാർട്ടിയിൽ നിന്ന് പുറത്തുപോയതടക്കമുള്ള വിഷയങ്ങൾ കത്തിനിന്ന തിരഞ്ഞെടുപ്പ്. അന്ന് ലീഗിന്റെ പ്രധാന നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തും ഇ.ടി.മുഹമ്മദ് ബഷീർ തിരൂരിലും എം.കെ.മുനീർ മങ്കടയിലും പരാജയമറിഞ്ഞു. പാർട്ടിയുടെ ആകെ സീറ്റ് 7ൽ ഒതുങ്ങി.

പിന്നീട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പാർട്ടിയെ തിരിച്ചു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളിലും ഹൈദരലി തങ്ങൾ പ്രധാന പങ്കുവഹിച്ചു. പാർട്ടിയുടെ അച്ചടക്ക സമിതി ചെയർമാൻ അദ്ദേഹമായിരുന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വൻ തിരിച്ചു വരവ് നേടിയതിനു പിന്നാലിയെയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണം. തുടർന്ന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുയർന്ന ഹൈദരലി തങ്ങളുടെ പ്രധാന ചുമതല പാർട്ടിയുടെ ഉണർവ് നിലനിർത്തി മുന്നേറ്റമുണ്ടാക്കുകയെന്നതായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച ഹൈദരലി തങ്ങൾ ലീഗിന്റെ ഏറ്റവും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. 20 സീറ്റ്.! ചരിത്രത്തിലാദ്യമായി അഞ്ചാമതൊരു മന്ത്രിയെക്കൂടി പാർട്ടിക്ക് ലഭിച്ചത് ആ സഭാകാലത്താണ്. 

പിന്നീട് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ നഷ്ടങ്ങളുണ്ടായെങ്കിലും 18 സീറ്റുമായി ലീഗ് തല ഉയർത്തിത്തന്നെ നിന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗ് തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് നടത്തിയത്. ഹൈദരലി തങ്ങളുടെ നേതൃത്വത്തിൽ നേരിട്ട അവസാന തിരഞ്ഞെടുപ്പായ 2021ലും യുഡിഎഫിന് കനത്ത പരാജയമുണ്ടായപ്പോഴും 15 സീറ്റുകൾ നിലനിർത്താൻ ലീഗിനായി. 

സ്ഥാനാർഥി നിർണയ ചർച്ചകളിലടക്കം കടുത്ത നിലപാടുകൾക്കു പകരം ജനാധിപത്യപരമായി ചർച്ചകൾക്ക് അവസരം നൽകുകയായിരുന്നു ഹൈദരലി തങ്ങളുടെ രീതി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ വലിയ തർക്കങ്ങളുണ്ടായപ്പോൾ നേതാക്കളോട് പരമാവധി ചർച്ചകൾ നടത്തി തീരുമാനത്തിലെത്താനായിരുന്നു ഹൈദരലി തങ്ങളുടെ നിർദേശം. തിരൂരങ്ങാടിയിലടക്കം മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സ്ഥാനാർഥികളായത്. പ്രഖ്യാപനം വന്നതിനു പിന്നാലെ ചില എതിരഭിപ്രായങ്ങളുണ്ടായെങ്കിലും അതിവേഗ പരിഹാര നടപടികളുമായി ഹൈദരലി തങ്ങളുടെ നേതൃത്വം അണികൾക്ക് ആത്മവിശ്വാസമേകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com