‘ആറ്റക്ക’യെന്ന സ്നേഹവാത്സല്യം
Mail This Article
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം, വ്യക്തിപരമായി പറയുകയാണെങ്കിൽ, ഞാൻ അനാഥനായതുപോലെയുള്ള നൊമ്പരമാണു മനസ്സിലുള്ളത്. ഓർമ വച്ച നാൾ മുതൽ തന്നെ പണക്കാടിന്റെ അയൽവാസി എന്ന നിലക്ക് കൊടപ്പനക്കലും പാണക്കാട് തറവാടുമായി അടുത്ത ബന്ധമുണ്ട് എന്റെ പിതാവ് പൂക്കോയ തങ്ങളുടെ സന്തത സഹചാരിയായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുമായും ആ ബന്ധമുണ്ടായിരുന്നു. പിതാവ് വിദേശത്ത് നിന്ന് വരുമ്പോഴൊക്കെ വല്ല്യുമ്മാന്റെ കൂടെ പാണക്കാട്ട് പോവും. ആറ്റാക്കയുമായി അന്ന് തന്നെ സ്‌നേഹ ബന്ധമായിരുന്നു.
കൊടപ്പനക്കലെ ആ പഴയ തറവാട്ടുവീട്ടിൽ, മദ്രസയിലും സ്‌കൂളിലുമൊക്കെ പരീക്ഷയുണ്ടാവുമ്പോൾ തങ്ങളുടെ അടുത്ത് പോയി പറയുമായിരുന്നു. എല്ലാ സന്തോഷവും, സങ്കടവും, ആറ്റാക്കാനോടാണ് പറയുക. ഒരു പിതാവ് എന്നത് പോലെ, ഒരു ബാപ്പ മകനിൽ നിന്ന് കേൾക്കുന്നത് പോലെത്തന്നെ കേൾക്കുമായിരുന്നു. ഞാനാദ്യമായി കപ്പൽ യാത്ര നടത്തിയത് ആറ്റാക്കാന്റെ കൂടെയാണ്. സൗദിയിലും ബഹ്റൈനിലും ഖത്തറിലുമൊക്കെ അദ്ദേഹത്തിന്റെ കൂടെ നടത്തിയ വിദേശ യാത്രകൾ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. സൗദിയിൽ ജിസാനിൽ ആറ്റാക്കാന്റെ കൂടെയായിരുന്നു ഞങ്ങൾ താമസിച്ചത്.
സുബ്ഹിക്ക് മുൻപ് എണീറ്റ് ഖുർആൻ ഓതി ബാങ്കിനായി കാത്തിരുന്ന്, ജമാഅത്തായി നിസ്‌കരിച്ച് അവിടുത്തെ പ്രോഗ്രാമുകളിൽ ഒക്കെ പങ്കെടുത്തത് വല്ലാത്തൊരു അനുഭൂതിയായിരുന്നു. ജിസാനിൽ നിന്ന് ഫുർസാൻ ദ്വീപിലേക്ക് നടത്തിയ കപ്പൽ യാത്ര, ആ യാത്രയിൽ അദ്ദേഹത്തിന്റെ സഹയാത്രികൻ ആകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ സൗഭാഗ്യങ്ങളിൽ ഒന്നാണ്. കെ പി മുഹമ്മദ് കുട്ടി സാഹിബ്, കെവി ഗഫൂർ സാഹിബ് ചീക്കോട്, എം അസീസ് സാഹിബ് ചേളാരി തുടങ്ങിയ കെഎംസിസി നേതാക്കളും അറ്റാക്കയുടെയും കെ പി മുഹമ്മദ് കുട്ടി സാഹിബിന്റെയും കുടുംബവും ഞങ്ങളുടെ കൂടെയുണ്ട്.
കടപ്പുറത്ത് എത്തിയപ്പോൾ എല്ലാവർക്കും കുളിക്കണം എന്നൊരു മോഹം. ചിലരൊക്കെ അതിനുള്ള മുന്നൊരുക്കത്തോടെയാണ് വന്നിട്ടുള്ളതും. പക്ഷെ ആറ്റാക്ക കൂടെയുള്ളത് കൊണ്ട് ഒരു മടി. അവസാനം ഞാനാണ് കാര്യം അവതരിപ്പിച്ചത്. ഉടൻ തന്നെ തങ്ങൾ വേഷം മാറി കടലിലിറങ്ങി മറ്റുള്ളവരോടൊപ്പം കുളിക്കാൻ തയാറായി. അങ്ങകലെ യമനിന്റെ ബോർഡർ കണ്ടപ്പോൾ ബീത്താത്തയുടെ ഒരു കമന്റുണ്ട്. ആറ്റാക്കയെ മുറുക്കിപ്പിടിച്ചോളി... യമനിലെ തറവാട് തേടി അങ്ങോട്ടെങ്ങാനും പാേയിക്കളയും. 2010ൽ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായ സമയത്ത് തങ്ങളെ പോയി കണ്ടപ്പോൾ ഭാഷാ സ്മാരകത്തിന്റെ പണി പൂർത്തിയാക്കണം എന്ന് പറയുകയും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോഴൊക്കെ അത് പരിഹരിക്കാൻ കൂടെ നിൽക്കുകയും ചെയ്തു.