സിൽവർലൈനിനും കായലിനും ഇടയിൽ 200 കുടുംബങ്ങൾ; ഒറ്റപ്പെടുമെന്ന ഭീതിയിൽ സൗത്ത് പല്ലാറിലെ ജനം
Mail This Article
തിരുനാവായ ∙ സിൽവർലൈൻ റെയിൽവേ ലൈനുകൾക്കും കായലിനും ഇടയിൽ നാട് ഒറ്റപ്പെടുമെന്ന് സൗത്ത് പല്ലാറിലെ ജനം. പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നവരുടെ വീടുകൾ നഷ്ടപ്പെടുന്നത് മാത്രമല്ല ഇവിടെയുള്ള പ്രശ്നം. ഭാരതപ്പുഴ കടന്നെത്തുന്ന സിൽവർലൈൻ പാത ഇവിടെനിന്നു വളഞ്ഞാണു നിലവിലെ റെയിൽവേ പാതയ്ക്കു സമാന്തരമായി പോകുന്നത്.
ഇതോടെ നിലവിലെ പാതയുടെയും പുതിയ പാതയുടെയും ഇടയിൽ ഇരുനൂറോളം കുടുംബങ്ങൾ പെടും. ത്രികോണാകൃതിയിൽ ആകുന്ന ഈ സ്ഥലത്തിന്റെ മൂന്നാമത്തെ അതിര് കായലാണ്. പദ്ധതിയിൽ സ്ഥലം നഷ്ടപ്പെടാത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കില്ല.
വഴിയില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണ് ഈ നാട് സമരവുമായി രംഗത്തുള്ളത്. പക്ഷി സങ്കേതവും ഇല്ലാതാകുമെന്ന് ഇവർ പറയുന്നു. ദേശാടനപ്പക്ഷികളടക്കം പക്ഷിക്കൂട്ടങ്ങളെത്തുന്ന സ്ഥലമാണിത്. താമരക്കൃഷിയും നെൽക്കൃഷിയു ഇവിടെയുണ്ട്. അലൈൻമെന്റ് മാറ്റണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.