സ്വകാര്യ ബസ് പണിമുടക്ക്: നടുവൊടിഞ്ഞ് യാത്രക്കാർ
Mail This Article
മലപ്പുറം ∙ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ച ഇന്നലെ ജില്ലയിൽ യാത്രക്കാർ വലഞ്ഞു. വാർഷിക പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടിലായത്. അതേസമയം യാത്രക്കാർ കൂടുതലായി ആശ്രയിച്ചതോടെ കെഎസ്ആർടിസിക്ക് നേട്ടമായി. വിവിധ ഡിപ്പോകളിലായി 4 അധിക സർവീസും 33 അധിക ട്രിപ്പുകളുമാണ് കെഎസ്ആർടിസി നടത്തിയത്. രാവിലെയും വൈകിട്ടും ഏറെ കാത്തു നിന്നാണ് ജീവനക്കാർക്കും അധ്യാപകർക്കും ലക്ഷ്യത്തിലെത്താനായത്. പ്രധാന റൂട്ടുകളിൽ യാത്രക്കാർ കെഎസആർടിസിയെ ആശ്രയിച്ചപ്പോൾ വന്ന ബസുകളിൽ വൻ തിരക്കായി.
ഗ്രാമീണ മേഖലകളിലെ യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്. ഓട്ടോറിക്ഷകളെയും മറ്റും ആശ്രയിക്കേണ്ടി വന്നപ്പോൾ ചെലവും കൂടി. പൊന്നാനി ഡിപ്പോയിൽ നിന്ന് എടപ്പാൾ റൂട്ടിൽ 2 അധിക സർവീസുകളും മലപ്പുറം ഡിപ്പോയിൽ നിന്ന് തിരൂർ–മഞ്ചേരി റൂട്ടിലും നിലമ്പൂർ ഡിപ്പോയിൽ നിന്ന് വഴിക്കടവ്–കോഴിക്കോട് റൂട്ടിലും ഓരോ അധിക സർവീസ് നടത്തിയത്. ഇതിനു പുറമേ മലപ്പുറത്തു നിന്ന് തിരൂർ–മഞ്ചേരി റൂട്ടിൽ 8, നിലമ്പൂരിൽ നിന്ന് വഴിക്കടവ്–കോഴിക്കോട് റൂട്ടിൽ 13, തൃശൂർ റൂട്ടിൽ 2, പെരിന്തൽമണ്ണയിൽ നിന്ന് തൃശൂർ റൂട്ടിൽ 4, പൊന്നാനിയിൽ നിന്ന് ചാവക്കാട് റൂട്ടിൽ 6 ട്രിപ്പുകളാണ് അധികം നടത്തിയത്.
സ്ഥിരം സർവീസുകൾക്കിടയിലെ ഒഴിവു സമയത്തും യാത്രക്കാരുടെ തിരക്ക് പരിഗണിച്ചുമാണ് അധിക ട്രിപ്പുകൾ ഓടിയത്. അതേസമയം എല്ലാ ഡിപ്പോകളിലും സ്ഥിരം ഷെഡ്യൂളുകളും കൃത്യമായി ഓടി. സമരം ഇന്നും തുടർന്നാൽ രാവിലെയും വൈകിട്ടും പ്രത്യേകമായും അല്ലാത്ത സമയത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ചും അധിക ട്രിപ്പുകളും സർവീസുകളും നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. ബസ് പണിമുടക്ക് ഇന്ന് മുതൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹംസ ഏരിക്കുന്നൻ പറഞ്ഞു.