തിരുമാന്ധാംകുന്ന് പൂരം കൊടിയേറി
Mail This Article
അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരം കൊടിയേറി. ഉത്സവ ചടങ്ങുകൾ ധ്വജാദി മുറയിലേക്ക് മാറി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്നലെ വൈകിട്ട് ഭഗവതിക്ക് വടക്കേ നടയിലെ സ്വർണക്കൊടിമരത്തിൽ തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയും ശിവന് കിഴക്കേ നടയിൽ പന്തലക്കോടത്ത് സജി നമ്പൂതിരിയും ഉത്സവ കൊടിയേറ്റ് നടത്തി.
നാലമ്പലത്തിനകത്ത് പ്രത്യേക പൂജ നടത്തിയ ശേഷം എത്തിച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലെ പ്രത്യേക പൂജയ്‌ക്ക് ശേഷമാണ് ചാർത്തിയത്. മേൽശാന്തിമാരായ പന്തലക്കോടത്ത് ദാമോദരൻ നമ്പൂതിരി, പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി, സി.എം.പ്രവീൺ നമ്പൂതിരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശ്, അസി.മാനേജർ കെ.എൻ.ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. രാവിലെയും രാത്രിയിലും ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പുകൾക്ക് ഭക്തജനത്തിരക്കേറി. പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി ആറാട്ടു ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ആറാട്ടെഴുന്നള്ളിപ്പിൽ ഗുരുവായൂർ ഗോപീകൃഷ്‌ണൻ ഭഗവതിയുടെ തിടമ്പേറ്റി.
നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, നാഗസ്വരം, പാഠകം, പനാവൂർ ശ്രീഹരിയുടെ തായമ്പക, കേളി, കൊമ്പുപറ്റ് എന്നിവ നടന്നു. ശിവന്റെ ശ്രീഭൂതബലിയും ഉണ്ടായി. നാലാം പൂര ദിവസമായ ഇന്ന് പൂരം മുളയിടും. വൈകിട്ട് 7 ന് ആണ് വിശേഷപ്പെട്ട മുളയിടൽ ചടങ്ങ്. പുല്ലാങ്കുഴൽ വിദ്വാൻ ഡോ.പത്മേഷ് പരശുരാമൻ അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരിയാണ് ഇന്ന് വിശേഷ വിരുന്ന്.