കുരുക്കഴിഞ്ഞു; പെരുമണ്ണ ക്ലാരി ഗവ. ആശുപത്രി കെട്ടിടം പണി തുടങ്ങും
Mail This Article
കോട്ടയ്ക്കൽ ∙ സാങ്കേതികക്കുരുക്ക് അഴിഞ്ഞു തുടങ്ങിയതോടെ പെരുമണ്ണ ക്ലാരി ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കെട്ടിടം നിർമിക്കാൻ നടപടിയായി. മുൻ എംഎൽഎ പി.കെ.അബ്ദുറബ്ബാണ് കെട്ടിടത്തിന് ഒരു കോടി രൂപ അനുവദിച്ചത്. നടപടികൾ ഇഴഞ്ഞതോടെ നിർമാണം തുടങ്ങിയിരുന്നില്ല. തടസ്സം നീക്കിയശേഷം പദ്ധതിയുടെ ടെൻഡർ നടപടി കഴിഞ്ഞ ദിവസം പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീൻ അറിയിച്ചു.
ഇപ്പോൾ വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ക്ലാരി മൂച്ചിക്കലിലെ പഴയ ആശുപത്രി വളപ്പിൽ വെള്ളം കയറിയതിനെ തുടർന്നാണ് ആശുപത്രിക്കെട്ടിടം ഉപയോഗശൂന്യമായത്. ബലക്ഷയം സംഭവിച്ച കെട്ടിടത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ആശുപത്രി വാടകക്കെട്ടിടത്തിലേക്കു മാറ്റിയത്. ദിവസേന 300 രോഗികൾ ചികിത്സ തേടി എത്തുന്നുണ്ട്. വാടകക്കെട്ടിടത്തിൽ സ്ഥലപരിമിതിയുണ്ട്.
പഞ്ചായത്താണ് വാടക നൽകുന്നത്. പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന രീതിയിലുള്ള കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. തുക അനുവദിച്ചിട്ടും ആശുപത്രി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായി കാണിച്ച് ക്ലാരി കുളമ്പിൽപാറ യൂണിറ്റി ക്ലബ് ഭാരവാഹികൾ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. നാട്ടുകാരുടെ ആവശ്യം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.