സ്മാർട്ടൊന്നും വേണ്ട; സ്വന്തം സ്ഥലത്തൊരു കെട്ടിടം വേണം ;മമ്പുറം ജിഎംഎൽപിക്ക് സ്വന്തം സ്ഥലം ഇല്ല
Mail This Article
എആർ നഗർ ∙ സൗകര്യമുള്ള കെട്ടിടം സ്വപ്നം കണ്ട് മമ്പുറം ജിഎംഎൽപി സ്കൂൾ വിദ്യാർഥികൾ. 1929ൽ ആരംഭിച്ച സ്കൂളിന് ഇതുവരെ സ്വന്തം സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അക്കാദമിക് നിലവാരത്തിൽ മികച്ചു നിൽക്കുന്നുണ്ടെങ്കിലും സ്വന്തം കെട്ടിടമില്ലാത്തതിനാൽ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സ്കൂളിന് നഷ്ടപ്പെടുകയാണ്. 195 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രധാനാധ്യാപിക മാത്രമാണ് സ്ഥിരം ജീവനക്കാരി. 6 അധ്യാപകരും താൽക്കാലികക്കാരാണ്.
രണ്ട് കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളാണ് പ്രവർത്തിക്കുന്നത്.
ചുമരും ജനലും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അധികൃതരിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ രക്ഷിതാക്കളുടെ സഹായത്തോടെയാണ് സ്കൂൾ അറ്റകുറ്റപ്പണിയും സൗകര്യങ്ങളുമൊരുക്കുന്നത്. സ്മാർട് ക്ലാസ് മുറിയോ ലൈബ്രറിയോ സ്റ്റോർ മുറി സൗകര്യമോ ഇല്ല. പൂർവ വിദ്യാർഥികളും നാട്ടുകാരും സഹകരിക്കുന്നത് കൊണ്ട് മികച്ച നിലയിൽ പ്രവർത്തിക്കുന്നു. 35 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.