നാളേക്കു തണലിന് വിത്തിട്ട്, സൈക്കിളിൽ കേരളയാത്ര
Mail This Article
ഇന്നു ലോക സൈക്കിൾ ദിനം
കൊണ്ടോട്ടി ∙ ഇന്നു ലോക സൈക്കിൾ ദിനവും 5ന് പരിസ്ഥിതി ദിനവുമെത്തുമ്പോൾ, നാടുനീളെ തണൽ വൃക്ഷങ്ങളുടെ വിത്തുപാകി പ്രവാസി സുഹൃത്തുക്കളുടെ സൈക്കിൾ യാത്ര. കൊണ്ടോട്ടി തുറക്കൽ സ്വദേശികളായ അത്തിക്കാവിൽ സിദ്ദീഖ് (32), പഴേരി അസ്‍ലം (32) എന്നിവരാണ് രണ്ടുപേർക്കു നിയന്ത്രിക്കാവുന്ന ടാൻഡം സൈക്കിളിൽ കേരള യാത്ര നടത്തുന്നത്.വരും തലമുറയ്ക്കു തണലേകാൻ മരങ്ങൾ വളരട്ടെ, ലഹരി ഒഴിവാക്കൂ, സൈക്കിൾ യാത്ര ശീലമാക്കൂ, മലിനീകരണം കുറയ്ക്കൂ എന്നീ സന്ദേശങ്ങൾ പകര്‍ന്നാണ് യാത്ര.
പ്രവാസ ജീവിതത്തിനിടെ കിട്ടിയ ഇടവേളയാണ് ഇരുവരും സൈക്കിൾ യാത്രയ്ക്കു മാറ്റിവച്ചത്. ജിദ്ദയില്‍നിന്നു നാട്ടിലെത്തിയ സിദ്ദീഖും ഖത്തറില്‍നിന്നത്തിയ അസ്‍ലമും അടുത്ത സുഹൃത്തുക്കളാണ്. നഗരപാതകൾ പരമാവധി ഒഴിവാക്കി ഗ്രാമങ്ങളിലൂടെയുള്ള യാത്ര വേറിട്ട അനുഭവമാണെന്ന് ഇവർ പറയുന്നു. വഴിയോരങ്ങളിൽ നിർത്തി നാട്ടുകാരോടു വിശേഷങ്ങള്‍ പങ്കുവച്ചും വിത്തു പാകിയും ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകിയുമാണു യാത്ര.
മേയ് 8ന് ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയാണു കൊണ്ടോട്ടിയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ട്രെയിനിൽ സൈക്കിളുമായി മംഗലാപുരത്തെത്തിയാണ് സൈക്കിളിൽ കേരള യാത്ര തുടങ്ങിയത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ യാത്ര പൂർത്തിയാക്കി പത്തനംതിട്ടയിലെത്തി.
25 ദിവസം പിന്നിട്ട യാത്ര തിരുവനന്തപുരത്തെത്തിയ ശേഷം മടങ്ങും. ഈ മാസം എട്ടിനു നാട്ടിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. യാത്ര കഴിഞ്ഞെത്തിയാൽ, ഗൾഫിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ് ഇരുവരും.