എടച്ചലം സ്കൂളിലെ അവസാന വിദ്യാർഥിയും ടിസി വാങ്ങി; മിണ്ടിപ്പറഞ്ഞിരിക്കാൻപോലും സ്കൂളിൽ ഒരു കുട്ടിയില്ല
Mail This Article
കുറ്റിപ്പുറം ∙ ഒരുനാടിന് അറിവ് പകർന്നുനൽകിയ വിദ്യാലയത്തിൽനിന്ന് അവസാനത്തെ വിദ്യാർഥിയും ടിസി വാങ്ങി ഇറങ്ങിപ്പോകുന്നത് സ്കൂളിലെ 2 അധ്യാപകർ നിറകണ്ണുകളോടെയാണ് നോക്കിനിന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ, എയ്ഡഡ് സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകുമ്പോഴാണ് കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം എഎംഎൽപി സ്കൂൾ അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ ഏക വിദ്യാർഥി ടിസി വാങ്ങി മടങ്ങിയതോടെ സ്കൂളിൽ 2 അധ്യാപികമാർ മാത്രമായി.
ഭക്ഷണം ഒരുക്കാൻ കുട്ടികളില്ലാത്തിതനാൽ പാചക ജീവനക്കാരിയും പ്രതിസന്ധിയിലായി. 2002ൽ 8 ഡിവിഷനുകളിലായി 221 വിദ്യാർഥികളും 9 അധ്യാപകരുമായി മികച്ച രീതിയിൽ മുന്നോട്ട് പോയിരുന്ന സ്കൂളാണ് 2 പതിറ്റാണ്ട് പിന്നിടുമ്പോൾ വിദ്യാർഥികൾ ഒന്നുമില്ലാത്ത അവസ്ഥയിലെത്തിയത്. രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള ഏക എയ്ഡഡ് മുസ്‌ലിം എൽപി സ്കൂളാണിത്. 2019ന് ശേഷം അറബിക് അധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
അതുവരെയുണ്ടായിരുന്ന അറബിക് അധ്യാപകൻ വിരമിച്ചതിനുശേഷം നിയമനം നടന്നില്ല. ഇതാണ് കുട്ടികൾ കുറയാൻ പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. ഇതിനുപുറമെ സ്കൂൾ വാഹനവും ഇല്ലാതായി. ഇതോടെ കുട്ടികളുടെ എണ്ണം വീണ്ടും കുറയുകയും 4 ഡിവിഷനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. 2014ൽ 60ൽ താഴെ കുട്ടികളായി. കഴിഞ്ഞ വർഷം കുട്ടികളുടെ എണ്ണം 4ആയി. നാലാം ക്ലാസിലുണ്ടായിരുന്ന 3 കുട്ടികൾ യുപി സ്കൂളിലേക്ക് പോയതോടെ രണ്ടാം ക്ലാസിൽ ഒരു കുട്ടി മാത്രമായി. ഈ കുട്ടി ഈ വർഷം വന്നില്ല. ജൂൺ ഒന്നിന് ഒന്നാം ക്ലാസിലെത്തിയ കുട്ടിയാണ് കഴിഞ്ഞ ദിവസം ടിസി വാങ്ങിയത്.
അടിസ്ഥാന സൗകര്യക്കുറവും കെട്ടിടങ്ങൾ നവീകരിക്കാത്തതുമാണ് കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാത്തതിനു കാരണമെന്ന് രക്ഷിതാക്കൾ പറയുന്നു. അടുത്തിടെ കെട്ടിടങ്ങളിലൊന്നിനു മുകളിൽ മരവും വീണു. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ കാരണം കുറ്റിപ്പുറം പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകിയിട്ടില്ല.