ചെലവ് 37 കോടി, 706 തടവുകാരെ ഉൾക്കൊള്ളും; തവനൂർ ജയിൽ കാണാൻ തിരക്ക്
Mail This Article
കുറ്റിപ്പുറം ∙ സർക്കാർ നിർമിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെൻട്രൽ ജയിൽ തവനൂർ കൂരടയിൽ ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കുക. ഉദ്ഘാടനം നടക്കുന്ന ജയിൽ വളപ്പിലേക്ക് ഉദ്യോഗസ്ഥരെയടക്കം വിശദമായ പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുക. നാട്ടുകാർക്ക് രാവിലെ 9 മുതൽ ജയിൽ സന്ദർശിക്കാമെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കാരണം ഇത് മാറ്റിയിട്ടുണ്ട്.
ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷം മാത്രമേ പൊതുജനത്തിന് ജയിൽ സന്ദർശനത്തിന് അവസരം നൽകൂ. മാധ്യമ പ്രവർത്തകരെയടക്കം കർശന പരിശോധനകൾക്ക് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുക. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശുമെന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിയുള്ളതിനാൽ റോഡുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി വരുന്ന സമയത്ത് റോഡുകളിലെ ഗതാഗതം തടയും.റോഡിൽ വിവിധ സ്ഥലങ്ങളിൽ വൻ പൊലീസ് സുരക്ഷയും ഒരുക്കുന്നുണ്ട്.
ജയിൽ വളപ്പിലാണ് ഉദ്ഘാടന വേദി സജ്ജമാക്കിയിട്ടുള്ളത്. ബോംബ് സ്ക്വാഡ് അടക്കമുള്ള വിഭാഗങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ അടക്കമുള്ളവരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കെ.ടി.ജലീൽ എംഎൽഎ അധ്യക്ഷനാകും. വേദിയിലെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി ജയിൽ സന്ദർശിക്കും.
വിവിധ പ്രദർശനങ്ങൾ
∙ ഉദ്ഘാടനത്തിന്റെ ഭാഗമായി ജയിലിൽ വിവിധ പ്രദർശനങ്ങൾ നടക്കും. വിവിധ ജയിലുകളിൽ തടവിൽ കഴിയുന്നവർ നിർമിച്ച കരകൗശല വസ്തുക്കളും ജയിൽ ഉദ്യോഗസ്ഥരുടെ ചിത്രരചനകളും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. കണ്ണൂർ, വിയ്യൂർ, പൂജപ്പുര, തവനൂർ സെൻട്രൽ ജയിലുകളുടെ ചെറുരൂപങ്ങൾ അടക്കം തടവുകാർ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ ജയിലുകളിൽ കഴിഞ്ഞ പ്രമുഖരുടെ ചരിത്ര രേഖകളും പ്രദർശന ശാലയിലുണ്ട്.
പിണറായി വിജയൻ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോൾ പരോളിനായി അയച്ച കത്തും ജയിൽ സന്ദർശന വേളയിൽ എ.കെ.ഗോപാലൻ, ഇഎംഎസ് എന്നിവർ അടക്കമുള്ളവരുടെ കുറിപ്പുകളും പ്രദർശനത്തിലുണ്ട്. തവനൂർ പ്രതീക്ഷാഭവൻ അന്തേവാസികളുടെ ഭക്ഷണ സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
ജയിൽ കാണാൻ തിരക്ക്
∙ തവനൂർ സെൻട്രൽ ജയിൽ കാണാൻ സ്ത്രീകളുടെ കുട്ടികളും അടക്കമുള്ളവരുടെ തിരക്ക്. ഇന്നലെ രാവിലെ മുതൽ സന്ദർശകർ എത്തിയിരുന്നു. ജയിൽ മുഴുവൻ നടന്നുകാണാനുള്ള അവസരം ഇന്നലെ ഒരുക്കിയെങ്കിലും വൈകിട്ടോടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്ന് രാവിലെ 10ന് ഉദ്ഘാടനത്തിനുശേഷം 2 മണിക്കൂർ നാട്ടുകാർക്ക് ജയിൽ സന്ദർശിക്കാൻ അവസരം ഉണ്ടാകും.
ബസ് സ്റ്റോപ് അനുവദിക്കണം
∙ തവനൂരിൽ ഇന്നു സെൻട്രൽ ജയിൽ പ്രവർത്തനമാരംഭിക്കുന്ന സാഹചര്യത്തിൽ തവനൂർ റോഡ് ജംക്‌ഷനിൽ ദീർഘദൂര ബസുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യം. ജയിൽ വകുപ്പ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിനു പുറമേ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും എംപി വഴി ആവശ്യപ്പെടും.
ചെലവ് 37 കോടി
∙ 37 കോടിയോളം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 706 തടവുകാരെ ഉൾക്കൊള്ളാൻ കഴിയും.വിവിധ ബ്ലോക്കുകളിലായി 34 ബാരക് സെല്ലുകളും 24 സാധാരണ സെല്ലുകളും ഉണ്ട്. ട്രാൻസ്ജെൻഡേഴ്സിനായി 4 സെല്ലുകളും ഒരുക്കിയിട്ടുണ്ട്. വനിതാ തടവുകാർക്കുള്ള സൗകര്യം ഇല്ല. 2746 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സെല്ലുകൾ ഒരുക്കിയിരിക്കുന്നത്. തടവുകാർക്കായി 168 ശുചിമുറികളും സമുച്ചയത്തിലുണ്ട്.തടവുകാരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവയ്ക്കും ലൈബ്രറിക്കുമായി പ്രത്യേകം ബ്ലോക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.
അരയേക്കർ വിസ്തൃതിയിൽ നടുമുറ്റവും ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്ത് അടുത്ത ഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കും. 2011 നവംബർ 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ട പദ്ധതി 11 വർഷംകൊണ്ടാണ് മരാമത്ത് വകുപ്പ് പൂർത്തിയാക്കിയത്. തടവുകാർക്കുള്ള ആശുപത്രിയും ജീവനക്കാരുടെ താമസ സ്ഥലവും തടവുകാർക്കുള്ള തൊഴിൽ യൂണിറ്റുകളും അടുത്ത ഘട്ടത്തിൽ നടപ്പാക്കും. സൂപ്രണ്ടും ഡോക്ടറുമടക്കം 162 തസ്തികകളാണ് തവനൂർ സെൻട്രൽ ജയിലിനായി അനുവദിച്ചിട്ടുള്ളത്.