മൂന്നാറിനു പോകാൻ വാടക ബസ് പറ്റില്ലെന്ന് യാത്രക്കാർ; അവസാനം ആനവണ്ടി എത്തിച്ച് അധികൃതർ തടിയൂരി
Mail This Article
മലപ്പുറം ∙ കെഎസ്ആർടിസിയുടെ മൂന്നാർ ‘ഉല്ലാസയാത്ര’യ്ക്ക് എത്തിയവർക്കായി ഡിപ്പോ ഒരുക്കിനിർത്തിയത് വാടകയ്ക്കെടുത്ത സ്വകാര്യ ടൂറിസ്റ്റ് ബസ്. കെഎസ്ആർടിസി ബസിൽ മാത്രമേ പോകൂവെന്ന് ശഠിച്ച് യാത്രക്കാരുടെ പ്രതിഷേധം. ഒരു മണിക്കൂർ നേരത്തെ അനിശ്ചിതത്വത്തിനു ശേഷം സ്വന്തം ബസ് തന്നെ ഏർപ്പാടാക്കി അധികൃതർ തടിയൂരി. മലപ്പുറം ഡിപ്പോയിൽ ഇന്നലെ രാവിലെ 10ന് ആണു സംഭവം. മലപ്പുറം ഡിപ്പോയിൽനിന്ന് ബുധനാഴ്ചകളിൽ രാവിലെ 10ന് ഉള്ള മൂന്നാർ സൂപ്പർ ഫാസ്റ്റ് ട്രിപ്പിനായി നേരത്തേ ബുക്ക് ചെയ്ത് എത്തിയവർക്കാണ് ഡിപ്പോ അധികൃതർ സ്വകാര്യ ബസ് ഏർപ്പാടാക്കിയത്.
എന്നാൽ തങ്ങൾ കെഎസ്ആർടിസി ബസ് യാത്രാനുഭവത്തിനായി എത്തിയതാണെന്നും സ്വകാര്യ ബസിൽ പോകാനാണെങ്കിൽ വേറെ പാക്കേജുകളുണ്ടെന്നും യാത്രക്കാർ അറിയിച്ചു. ഈ ബസിൽ പോകാനില്ലെന്നു പറഞ്ഞ് യാത്രക്കാർ ബഹളം വച്ചതോടെ അധികൃതർ വെട്ടിലായി. ഇതിനിടെ പൊലീസും എത്തി. കെഎസ്ആർടിസിയുടെ തന്നെ തീരുമാനപ്രകാരമാണ് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഉപയോഗിക്കുന്നതെന്ന് അധികൃതർ പറഞ്ഞെങ്കിലും യാത്രക്കാർ സമ്മതിച്ചില്ല. ബുക്ക് ചെയ്യുമ്പോൾ ഇതു പറഞ്ഞില്ലെന്നായി യാത്രക്കാർ. ഒടുവിൽ ഡിപ്പോ അധികൃതർ എംഡിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. തുടർന്നാണ് ഇവിടെയുണ്ടായിരുന്ന മറ്റൊരു ഫാസ്റ്റ് പാസഞ്ചർ ബസ് ഏർപ്പാടാക്കിയത്.
11 മണി കഴിഞ്ഞാണ് യാത്ര പുറപ്പെട്ടത്. ചെലവുകുറഞ്ഞ വിനോദയാത്രാ പദ്ധതിയായ ‘ഉല്ലാസയാത്ര’യ്ക്ക് പാട്ടത്തിനെടുത്ത സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഉപയോഗിക്കാനുള്ള കെഎസ്ആർടിസി തീരുമാനത്തിന് ഇന്നലത്തെ പ്രതിഷേധം കല്ലുകടിയായി. ഈ തീരുമാനപ്രകാരമുള്ള ആദ്യ ബസ് അനുവദിച്ചത് മലപ്പുറം ഡിപ്പോയ്ക്കാണ്. ഇതുപയോഗിച്ചുള്ള ഊട്ടി യാത്രയിലും ചില യാത്രക്കാർ സ്വകാര്യ ബസിൽ പോകുന്നതിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും അധികൃതർ അനുനയിപ്പിച്ച് വിടുകയായിരുന്നു. കോവിഡ് കാലത്തിനുശേഷം കൂടുതൽ സർവീസുകൾ തുടങ്ങിയതിനാൽ കെഎസ്ആർടിസി ബസുകൾ ‘ഉല്ലാസയാത്ര’യ്ക്ക് ഉപയോഗിക്കാനുള്ള പരിമിതി മറികടക്കാനാണ് വാടകയ്ക്കെടുത്ത വണ്ടികൾ ഉപയോഗിച്ചുള്ള യാത്രയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
വാടകവണ്ടി ഓടിച്ചാൽ തടയുമെന്ന് യൂണിയനും
മലപ്പുറം ∙ കെഎസ്ആർടിസിയുടെ ചെലവു കുറഞ്ഞ വിനോദയാത്രാ പദ്ധതിക്കായി സ്വകാര്യ വാഹനങ്ങളുപയോഗിക്കുന്നത് തുടർന്നാൽ സർവീസുകൾ തടയുമെന്ന് തൊഴിലാളികളുടെ സംഘടനയായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. പൊതുജനങ്ങളെയും ഇതിനായി അണിനിരത്തുമെന്നും അവർ അറിയിച്ചു.
കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതിയിൽനിന്ന് ഒരുഭാഗം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനം മാനേജ്മെന്റ് ഏകപക്ഷീയമായി എടുത്തതാണ്. ഇതിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും സംസ്ഥാന സമിതി കത്തുനൽകിയതായും ഭാരവാഹികൾ പറഞ്ഞു. കെഎസ്ആർടിസിയുടെയും സ്വിഫ്റ്റിന്റെയും വെറുതെ കിടക്കുന്ന ബസുകൾ പദ്ധതിക്ക് ഉപയോഗിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.