ADVERTISEMENT

തിരൂർ ∙ ആരുമറിയാതെ ആരോരുമില്ലാത്തവർക്കു ഭക്ഷണം വിളമ്പി നടത്തിയ യുവാവിന്റെ പിറന്നാളാഘോഷം വൈറലാക്കി എസ്ഐ. ശനിയാഴ്ച രാത്രിയാണ് തിരൂർ സ്വദേശി ആദിൽഷാ വ്യത്യസ്തമായ രീതിയിൽ തന്റെ പിറന്നാൾ ആഘോഷിച്ചത്. ബസ് സ്റ്റാൻഡിൽ രാത്രി കിടന്നുറങ്ങുന്ന വീടില്ലാത്തവർക്കു തന്റെ 2 സുഹൃത്തുക്കളുടെ സഹായത്തോടെ ബിരിയാണിപ്പൊതി നൽകുകയായിരുന്നു. 50 പേർക്കാണ് ഇത് നൽകിയത്. ഈ സമയം രാത്രി ഡ്യൂട്ടിയുടെ ഭാഗമായി തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് ബസ് സ്റ്റാൻഡിലെത്തി. പൊതി വിതരണം കണ്ട് കാര്യമന്വേഷിച്ചു.

പിറന്നാളാണെന്നും കൂടാതെ തനിക്ക് ആദ്യമായി ശമ്പളം കിട്ടിയ ദിവസമാണെന്നും ആദിൽഷാ എസ്ഐയോട് പറഞ്ഞു. ഇതിന്റെ സന്തോഷത്തിനാണു ഭക്ഷണം വിതരണം ചെയ്യുന്നതെന്നും അറിയിച്ചു. ഇതോടെ പിറന്നാളുകാരന് എസ്ഐ ആശംസ നേർന്നു. കൂടാതെ ചിത്രം സഹിതം ഇക്കാര്യം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തന്റെ സർവീസിൽ പല തരത്തിലുള്ള പിറന്നാളാഘോഷവും കണ്ടിട്ടുണ്ടെന്നും ഇത്തരത്തിലൊന്ന് ആദ്യമാണെന്നും ജലീൽ കുറിച്ചു. യുവാവിന്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ടെന്നും രക്ഷിതാക്കൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെയെന്നും അദ്ദേഹം എഴുതി. ഇത് സമൂഹമാധ്യമത്തിൽ വൈറലായി. ഒട്ടേറെ പേർ ഇത് ഷെയർ ചെയ്യുകയും ആദിൽഷായ്ക്കു ജന്മദിനാശംസകൾ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com