അലിഭായി നാട്ടിൽച്ചെന്നു പറയും: കേരളം ദൈവത്തിന്റെ നാടുതന്നെ!
Mail This Article
തിരൂർ ∙ മരത്തിൽനിന്നു വീണ് വാരിയെല്ലൊടിഞ്ഞ് കിടപ്പിലായ ബംഗാൾ സ്വദേശിക്ക് സഹായവും ചികിത്സയും നൽകിയ ശേഷം നാട്ടിലെത്തിച്ച് ബീരാഞ്ചിറക്കാർ. ബംഗാളിലെ മുർഷിദാബാദ് സ്വദേശി അബർഷാ ഷെയ്ഖ് അലിഭായിക്കാണ് ഒരു നാട് തുണയായത്. 3 വർഷം മുൻപാണ് ഇയാൾ തൃപ്രങ്ങോട് ബീരാഞ്ചിറയിൽ ജോലി തേടിയെത്തിയത്. കുറഞ്ഞകാലത്തിനുള്ളിൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായി. 10 ദിവസം മുൻപ് ജോലിക്കിടെ അലിഭായ് മരത്തിൽനിന്നു വീണ് 2 വാരിയെല്ലുകൾ ഒടിഞ്ഞു.
നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചു, ചികിത്സയ്ക്ക് ആവശ്യമായ പണവും നൽകി. 1.10 ലക്ഷം രൂപയാണ് നാട്ടുകാർ നൽകിയത്. ആശുപത്രിയിൽ കൂടെ നിൽക്കാൻ ഒരു അതിഥിത്തൊഴിലാളിയെ കൂലിനൽകി ഏർപ്പെടുത്തുകയും ചെയ്തു. 6 മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചതോടെ നാട്ടിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. വിമാനത്തിലും ആംബുലൻസിലും അയയ്ക്കാൻ ശ്രമിച്ചെങ്കിലും വലിയ തുക ചെലവാകുമെന്നു വന്നതോടെ ട്രെയിനിൽ വിടാൻ തീരുമാനിച്ചു.
ആശുപത്രിച്ചെലവ് കഴിഞ്ഞ് ബാക്കി വന്ന 50,000 രൂപയും മറ്റൊരു 10,000 രൂപയും നൽകിയാണ് അയച്ചത്. മറ്റൊരു ബംഗാൾ സ്വദേശിക്ക് അങ്ങോട്ടും തിരിച്ചുമുള്ള ടിക്കറ്റ് എടുത്തു നൽകി കൂടെ അയയ്ക്കുകയും ചെയ്തു. തിരൂരിൽ 3 മിനിറ്റ് മാത്രം നിർത്തുന്ന വിവേക് എക്സ്പ്രസ് അലിഭായിയെ കയറ്റാനായി നാലര മിനിറ്റ് നിർത്തി റെയിൽവേയും സഹായിച്ചു. ചെമ്മല അഷ്റഫ്, ചെമ്മല താജുദ്ദീൻ, മാനു ആനപ്പടി എന്നിവരാണ് ഇയാളെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കിയത്.