മമ്പുറം ആണ്ടുനേർച്ച സമാപിച്ചു
Mail This Article
തിരൂരങ്ങാടി ∙ മമ്പുറം ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ സമാപനം. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ പ്രതികൂല കാലാവസ്ഥക്കിടയിലും അന്നദാനം സ്വീകരിക്കാൻ ജാതിമത ഭേദമന്യേ വിശ്വാസികൾ എത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അന്നദാന വിതരണം ഉദ്ഘാടനം ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.
ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ജില്ലാ പഞ്ചായത്തംഗം എ.പി.ഉണ്ണിക്കൃഷ്ണൻ, കെ.എം.സെയ്തലവി ഹാജി, യു.ശാഫി ഹാജി ചെമ്മാട്, സി.എച്ച്.ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സി.കെ.മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ, പി.എം.ബാവ ഹാജി പാണമ്പ്ര, ടി.അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, കബീർ ഹാജി ഓമച്ചപ്പുഴ, പി.കെ.ഇബ്രാഹീം ഹാജി, പി.ടി.അഹമ്മദ്, എ.കെ.മൊയ്തീൻ കുട്ടി, എം.ഇബ്രാഹീം ഹാജി, വി.പി.കോയക്കുട്ടി ഹാജി, പി.കെ.അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെ ഒരു ലക്ഷം പേർക്ക് നെയ്ച്ചോർ പൊതികൾ വിതരണം ചെയ്തു. രാവിലെ 8 ന് ആരംഭിച്ച അന്നദാനം ഉച്ചയ്ക്കുശേഷവും തുടർന്നു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ്, ട്രോമകെയർ പ്രവർത്തകർ, പൊലീസ് വൊളന്റിയർമാർ, വിഖായ വൊളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
മതസൗഹാർദത്തിന്റെ മാതൃക
തിരൂരങ്ങാടി ∙ മമ്പുറം സയ്യിദ് അലവി തങ്ങളും കുടുംബവും കേരളീയ മത സൗഹാർദത്തിന്റെ മികച്ച മാതൃകയാണെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മമ്പുറം ആണ്ടുനേർച്ചയുടെ സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്പുറം തങ്ങളുടെ ജീവിത സന്ദേശം രാജ്യ വ്യാപകമാക്കുകയെന്ന വലിയ ദൗത്യമാണ് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല നിർവഹിച്ചു കൊണ്ടിരിക്കുന്നത്. മമ്പുറം മഖാമിന്റെ മുഴുവൻ വരുമാനങ്ങളും വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.