ചരിത്രത്തിന്റെ നേർസാക്ഷി; മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥിന്റെ ഓർമകൾ
Mail This Article
മലപ്പുറം ∙ മംഗലം ഗോപിനാഥ് എന്ന പേരിനൊപ്പം ചേർക്കാവുന്ന ഏറ്റവും യോജിച്ച വിശേഷണം ‘ചരിത്രത്തിന്റെ നേർസാക്ഷി’യെന്നതായിരിക്കണം. സ്വതന്ത്ര ഇന്ത്യ പിറക്കുമ്പോൾ 9 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹം, അതിനു ശേഷം മലബാർ മേഖല വേദിയായ ചരിത്ര സംഭവങ്ങളെല്ലാം തൊട്ടടുത്തു നിന്നു കണ്ടു, അതിന്റെ ഭാഗമായി. മഞ്ചേരിയിലെ വീട്ടിലിരുന്ന് അദ്ദേഹം അനുഭവം പറയുമ്പോൾ നാടിന്റെ ചരിത്രം ഒന്നിനു പിറകെ ഒന്നായി സ്ക്രീനിലെന്ന പോലെ മിന്നിമറയും.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം മലബാർ സാക്ഷ്യം വഹിച്ച വലിയ ചരിത്ര സംഭവം തിരുനാവായയിൽ നിളാ നദിയിൽ മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങാണ്. കോൺഗ്രസ് പ്രവർത്തകനായിരുന്ന പിതാവ് തൊഴുവാനൂർ വെള്ളാട്ട് ശങ്കുണ്ണി മേനോനോടൊപ്പം ജന്മനാടായ മംഗലത്തു നിന്നു 4 കിലോ മീറ്റർ ദൂരം നടന്നെത്തിയാണു ഗോപിനാഥ് അതിൽ പങ്കാളിയായത്. കെ.കേളപ്പൻ ചിതാഭസ്മമടങ്ങിയ കുടവും ദാമോദര മേനോൻ ബിർളാ മന്ദിരത്തിൽ നിന്നുള്ള ഗാന്ധിജിയുടെ ചോര വീണ മണ്ണടങ്ങിയ കുടവുമേന്തി നിളയിലേക്കു നടന്നതും കേളപ്പജിയുടെ പ്രസംഗവുമൊക്കെ ഓർമയിൽ ഒളി മങ്ങാതെയുണ്ട്.
1964–ൽ ജവാഹർലാൽ നെഹ്റു വിട പറയുന്ന സമയത്ത് ഗോപിനാഥ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമാണ്. ചിതാഭസ്മം നിമജ്ജനം ചെയ്യാനായി നിളാ തീരത്തെത്തിയപ്പോൾ അത് ഏറ്റുവാങ്ങാനുള്ള നിയോഗം ഗോപിനാഥിനായിരുന്നു. 1969–ൽ ഗാന്ധിജിയുടെ ജന്മശതാബ്ദി മലപ്പുറവും വിപുലമായി ആഘോഷിച്ചു. ജില്ല പിറവിയെടുത്ത് അധികമായിട്ടില്ല.
ആഘോഷക്കമ്മിറ്റി സെക്രട്ടറിയായി നറുക്കു വീണത് ഈ ഗാന്ധിയനാണ്. തൊട്ടടുത്ത വർഷം കേന്ദ്ര സർക്കാരിന്റെ വിശിഷ്ടാതിഥിയായി എത്തിയ അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫാർ ഖാൻ മലപ്പുറവും സന്ദർശിച്ചു. അദ്ദേഹത്തെ അനുഗമിക്കാൻ അവസരം ലഭിച്ചതു ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായി മംഗലം ഗോപിനാഥ് മനസ്സിൽ സൂക്ഷിക്കുന്നു. ആറു പതിറ്റാണ്ടായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും ഒറ്റത്തവണ പോലും മത്സരിച്ചിട്ടില്ല.