വികസനത്തിനു വഴിയൊരുക്കാനായി ഓർമകളുറങ്ങുന്ന മണ്ണും വിട്ടുനൽകി
Mail This Article
പാലപ്പെട്ടി ∙നാടിന്റെ വികസനത്തിനു വഴിയൊരുക്കാൻ മുന്നൂറിലേറെ കബറിടങ്ങൾ പൊളിച്ചു മാറ്റി മഹല്ല് കമ്മിറ്റി. പൊളിച്ചു മാറ്റിയ കബറുകളിലെ പ്രിയപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ കബർസ്ഥാനിൽതന്നെ മറ്റൊരിടത്തു മറവു ചെയ്യാൻ കുടുംബാംഗങ്ങൾക്കു സൗകര്യമൊരുക്കി. പൊന്നാനി– ചാവക്കാട് ദേശീയ പാതയ്ക്കു സമീപത്തെ പാലപ്പെട്ടി ബദർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയാണു നാടിന്റെ വികസനത്തിനായി പുതിയ മാതൃക സൃഷ്ടിച്ചത്.
ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അരയേക്കർ ഭൂമിയാണു വിട്ടു നൽകിയത്. പള്ളിയുടെ മുൻ വശത്തുള്ള ഈ സ്ഥലത്ത് 15 വർഷം മുൻപുവരെ മയ്യത്തുകൾ കബറടക്കിയിരുന്നു. 15 മുതൽ 50 വർഷംവരെ പഴക്കമുള്ള കബറുകളാണു വിട്ടുനൽകിയ സ്ഥലത്തുള്ളത്. കബറുകൾതുറന്ന് ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്ത് ആചാരപ്രകാരം മറ്റൊരു സ്ഥലത്തു കബറടക്കി.
ദാറുൽ ആഖിറ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണു മൃതദേഹങ്ങൾ മാറ്റി കബറടക്കിയത്. മഹല്ല് കമ്മിറ്റി പ്രതിനിധികളായ റസാക്ക് തെക്കേപുറത്ത്, അലി മൗലവി, ദാറുൽ ആഖിറ കമ്മിറ്റി അംഗങ്ങളായ മുസ്തഫ പേങ്ങാട്ടയിൽ, ശംസു കണ്ണത്തയിൽ, നൗഷാദ് യാഹൂ കണ്ണത്തയിൽ, നവാസ് പാലപ്പെട്ടി, ഷാനവാസ് പേങ്ങാട്ടയിൽ, മുബഷിർ കാപ്പിരിക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് കബറുകൾ മാറ്റിയത്.