ADVERTISEMENT

തിരൂർ ∙ റെയിൽവേ സ്റ്റേഷനിലെ ബസ് സ്റ്റാൻഡ് ഭാഗത്ത് നിർമാണം പൂർത്തിയായ കൗണ്ടറിൽ ടിക്കറ്റ് നൽകിത്തുടങ്ങി. തുടക്കത്തിൽ റിസർവേഷൻ ടിക്കറ്റുകളാണ് ഈ കൗണ്ടർ വഴി നൽകുക. കോവിഡിനു മുൻപ് പണി പൂർത്തിയായ കെട്ടിടത്തിൽ ടിക്കറ്റ് നൽകാത്തത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം ‘മനോരമ’ ജനവികാരം എന്ന പംക്തിയിലൂടെ വാർത്തയാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി എത്രയും പെട്ടെന്ന് കൗണ്ടർ തുറക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു. 

പാലക്കാട് ഡിവിഷനൽ മാനേജർ, റെയിൽവേ ജനറൽ മാനേജർ എന്നിവരുമായി ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെടുകയും ചെയ്തു. ഇതോടെയാണ് കൗണ്ടർ തുറക്കാൻ തീരുമാനമായത്. 60 ലക്ഷത്തോളം ചെലവിട്ടാണ് കൗണ്ടർ നിൽക്കുന്ന കെട്ടിടവും ഇതിനോട് ചേർന്ന് വലിയ പാർക്കിങ് ഗ്രൗണ്ടും പൂർത്തിയാക്കിയത്.  നിലവിൽ റിസർവേഷൻ ടിക്കറ്റുകളാണ് ഇവിടെ നൽകുന്നതെങ്കിലും ഈ ഭാഗത്ത് നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ അൺ റിസർവ്ഡ് ടിക്കറ്റും ഇതുവഴി നൽകും.

നടപ്പാലം ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നീട്ടുന്ന ജോലി തുടങ്ങി: ഇ.ടി.മുഹമ്മദ് ബഷീർ

∙ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടിലേക്ക് നിർമിച്ച നടപ്പാലം ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നീട്ടാനുള്ള പ്രവൃത്തി ആരംഭിച്ചതായി ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു. 80 ലക്ഷം രൂപ ചെലവിട്ടാണ് പണി നടത്തുന്നത്. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ നിരന്തരമായ മറ്റൊരു ആവശ്യമായിരുന്നു ഇത്. ഇതോടൊപ്പം ലിഫ്റ്റിന്റെ പണിയും ആരംഭിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ഇതിന് റെയിൽവേ അനുവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com