വിടവാങ്ങിയത് കോൺഗ്രസ് സർവീസ് സംഘടനാ രംഗത്തെ അതികായൻ
Mail This Article
എടവണ്ണപ്പാറ / തേഞ്ഞിപ്പലം ∙ സർവീസ് സംഘടനാ രംഗത്തെ കിടയറ്റ സംഘാടകൻ, വേദികളിൽ കോൺഗ്രസ് മൂല്യങ്ങൾ തലമുറകൾക്കു പകർന്നു നൽകിയ പ്രഭാഷകൻ, പ്രാദേശിക തലത്തിൽ യുഡിഎഫിന്റെ മുന്നണിപ്പോരാളി– ഇന്നലെ എടവണ്ണപ്പാറയിൽ അന്തരിച്ച കാലിക്കറ്റ് സർവകലാശാല മുൻ ജോ.റജിസ്ട്രാർ കെ.വേദവ്യാസൻ കയ്യൊപ്പു ചാർത്തിയ മേഖലകൾ ഒട്ടേറെയാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നു വിരമിച്ച് 13 വർഷമായിട്ടും ക്യാംപസിലെ സാന്നിധ്യമായി അദ്ദേഹം തുടർന്നു.
ഗാന്ധിയൻ ചെയർ വൈസ് ചെയർമാൻ എന്ന നിലയിൽ ക്യാംപസുമായുള്ള ബന്ധം അവസാനംവരെ തുടർന്നു.കോൺഗ്രസ് സർവീസ് സംഘടനാ രംഗത്തെ അതികായനായിരുന്നു അദ്ദേഹം. കോൺഗ്രസ് സർവീസ് സംഘടന സ്റ്റാഫ് ഓർഗനൈസേഷന്റെ പ്രസിഡന്റ്, ജന. സെക്രട്ടറി ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ചു.31 വർഷത്തെ സർവകലാശാല സർവീസിനിടെ നീതിക്കായി പല സമരങ്ങൾക്കു നേതൃത്വം നൽകി.
ചിരിക്കും ചിന്തയ്ക്കും വക നൽകുന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യവും പ്രതിയോഗികളെ നിഷ്പ്രഭരാക്കുന്ന നോട്ടിസുകളും ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെ ശക്തനായ വക്താവായി തുടരുമ്പോഴും എല്ലാ വിഭാഗം സംഘടനകളുമായും അദ്ദേഹം സൗഹൃദം പുലർത്തിയിരുന്നതായി സഹ പ്രവർത്തകനും റിട്ട. ലൈബ്രേറിയനുമായ ഡോ. എം.സി.കെ. വീരാൻ ഓർക്കുന്നു.പരന്ന വായനയും ആകർഷകമായ ശൈലിയുമായി അദ്ദേഹം പ്രസംഗ വേദികൾ കയ്യടക്കി. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും കോൺഗ്രസ് പ്രസ്ഥാനവും എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ മലബാറിൽ കോൺഗ്രസ് ആശയം പൊതുജനങ്ങളിലേക്കെത്തിക്കാൻ സഹായിച്ചു.
സ്വന്തം നാട്ടിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി രംഗത്തിറങ്ങിയ അദ്ദേഹം കോവിഡ് കാലത്ത് ഒട്ടേറെ പാവപ്പെട്ട വിദ്യാർഥികൾക്കു മൊബൈൽ ഫോൺ വാങ്ങി നൽകാൻ മുൻകയ്യെടുത്തു.വാഴക്കാട് പഞ്ചായത്തിൽ ദീർഘകാലം അവതാളത്തിലായിരുന്ന യുഡിഎഫ് ബന്ധം വീണ്ടും യോജിപ്പിക്കാൻ മുൻകയ്യെടുത്തവരിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.