ADVERTISEMENT

കൂട്ടായി ∙ അന്നിവിടെ തണൽ വിരിക്കാൻ ഒരുപാട് ആൽമരങ്ങൾ ഉണ്ടായിരുന്നുവെന്നു ഇനി തീരദേശം വഴിയുള്ള യാത്രകളിൽ പുതുതലമുറയോടു പറയാം. കൂട്ടായിയിലെ സാമൂഹിക പ്രവർത്തകനായിരുന്ന ചെറച്ചംവീട്ടിൽ മാളിയിൽ മൂസ അര നൂറ്റാണ്ടു മുൻപ് നട്ടുവളർത്തിയ ആ തണൽ കുളിരുള്ള ഓർമകളായി മാറുകയാണ്. തീരദേശപാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് കൂട്ടായിയിൽ തണൽ വിരിച്ചു തലയെടുപ്പോടെ നിൽക്കുന്ന ആലുകൾ ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നത്.

50 വർഷം മുൻപാണ്  മൂസ വീഥികളിൽ തണലേകാൻ ആൽമരങ്ങൾ വച്ചുപിടിപ്പിച്ചത്. കോതപറമ്പ് മുതൽ വാടിക്കൽ വരെ അരയാലും പേരാലും ഉൾപ്പെടെ നൂറോളം മരങ്ങളാണ് അന്ന് വലിയകുളങ്ങര വേലായുധൻ എന്ന സഹായിക്കൊപ്പം മൂസ നട്ടത്. പള്ളികൾ കേന്ദ്രീകരിച്ചും അദ്ദേഹം മരങ്ങൾ നട്ടുപിടിപ്പിച്ചു. ഇവ പന്തലിച്ച് നാട്ടുകാർക്ക് തണൽ നൽകി, പക്ഷികൾക്ക് കൂടുവയ്ക്കാൻ ചില്ലകളൊരുക്കി. സായാഹ്നങ്ങളിൽ തീരത്തെ യുവാക്കളും മുതിർന്നവരും കിസ പറഞ്ഞിരുന്നതും കുട്ടികൾ വള്ളിയിൽ തൂങ്ങിയാടിയതുമെല്ലാം ഈ മരങ്ങളുടെ ചുവട്ടിലാണ്. ഏറെ മുറവിളികൾക്കൊടുവിലാണ് വർഷങ്ങളായി നിലച്ചുകിടക്കുന്ന തീരദേശ പാതയുടെ നിർമാണം പുനരാരംഭിക്കുന്നത്. ചെറുതും വലുതുമായ 133 മരങ്ങളാണ് ഇതിനായി മുറിച്ചുനീക്കുന്നത്. മൂസ നട്ട ഒട്ടേറെ മരങ്ങളും ഇതിൽപെടും.

വികസനത്തിനായി മുറിക്കുകയല്ലാതെ വഴിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ കോതപറമ്പിൽ മരങ്ങൾ വെട്ടിമാറ്റിത്തുടങ്ങി. 40 വർഷങ്ങൾക്കു മുൻപ് മൂസ മരിച്ചു. അദ്ദേഹത്തിന്റെ ഓർമകളുമായി തണലേകി നിന്നിരുന്ന മരങ്ങളും ഇനി ഓർമയാവുകയാണ്. ഇവിടെയുള്ള വൈദ്യുതക്കാലുകൾ മാറ്റുന്ന പണിയും തുടങ്ങിയിട്ടുണ്ട്. ഇനി ആദ്യ റീച്ചിൽ വിവിധ ഇടങ്ങളിലായി നാലര കിലോമീറ്റർ ദൂരം സ്ഥലം ഏറ്റെടുക്കണം. ഇതിനായി അടയാളങ്ങൾ സ്ഥാപിച്ചു തുടങ്ങിയിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com